പാലക്കാട്ടെ പ്രസ്റ്റീജ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയം പ്രവചിച്ചവര്‍ ഏറെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ ജയത്തെക്കുറിച്ച് കാര്യമായ സംശയമൊന്നും ആര്‍ക്കും ഉണ്ടായിരുന്നുമില്ല. പക്ഷേ, പോളിങ് ശതമാനം ഏതാണ്ട് അഞ്ചു ശതമാനം കുറഞ്ഞു. അത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും എന്നു ചര്‍ച്ചയായി. ഭൂരിപക്ഷം കുറയുമെന്നു കരുതിയവരെ ഞെട്ടിച്ച കണക്കുകളാണ് വോട്ടെണ്ണല്‍ ദിവസം സ്‌ക്രീനില്‍ തെളിഞ്ഞത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെക്കാള്‍ 18,715 വോട്ട് കൂടുതല്‍. 2021-ല്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി പറമ്പില്‍ ജയിച്ചത്. 2016-ല്‍ ഷാഫിക്ക് കിട്ടിയ 17,483 വോട്ടിന്റെ റെക്കോഡ് മറികടന്ന തിളക്കമാര്‍ന്ന വിജയം രാഹുലിന്.

ടെലിവിഷന്‍ ചര്‍ച്ചകളില്‍ മൂര്‍ച്ചയുള്ള വാദമുഖങ്ങളുമായി കോണ്‍ഗ്രസിനെ പ്രതിരോധിച്ചു താരമായ ഈ പത്തനംതിട്ടക്കാരന്‍ പെട്ടെന്നാണ് യുവനേതാക്കള്‍ക്കിടയില്‍ താരമായി മാറിയത്. ആ താരപ്പകിട്ടു മാത്രമല്ല മിന്നുന്ന ജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത്. വടകരയില്‍ ജയിച്ച് പാര്‍ലമെന്റംഗമായതോടെ പാലക്കാട് സീറ്റ് ഒഴിഞ്ഞ ഷാഫി പറമ്പിലിന്റെ ശക്തവും നിര്‍ലോഭവുമായ പിന്തുണ ആദ്യന്തം അദ്ദേഹത്തിനു കിട്ടി. സതീശന്‍ പറഞ്ഞതുപോലെ, ഒന്നാന്തരം ടീം വര്‍ക്ക്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഷാഫിയെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ജില്ലാ കോണ്‍ഗ്രസിലെ ഒരു വിഭാഗവും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. നാട്ടുകാരെ ഒഴിവാക്കി പുറത്തു നിന്നയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫിയാണെന്നാരോപിച്ച് ഡോ.പി.സരിന്‍ പാര്‍ട്ടി വിട്ടു, പിറ്റേന്ന് ഇടതുമുന്നണിയില്‍ ചേര്‍ന്നു. ജയിച്ചത് രാഹുല്‍ ആണെങ്കിലും ഷാഫിയുമുണ്ടായിരുന്നു മത്സരത്തില്‍ എന്നര്‍ത്ഥം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. മുസ്ലിം ലീഗടക്കമുള്ള ഐക്യമുന്നണിയിലെ ഘടകകക്ഷികളും ഒറ്റക്കെട്ടായി രാഹുലിനു വേണ്ടി അധ്വാനിച്ചു. തുടക്കത്തിലെ അപസ്വരമൊക്കെ പെട്ടെന്നു തന്നെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്നൊക്കെ പറഞ്ഞു നീരസം പ്രകടിപ്പിച്ചിരുന്ന കെ.മുരളീധരനെയൊക്കെ പ്രചാരണത്തിന് എത്തിക്കാന്‍ അവര്‍ക്കായി. മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ തന്നെ പാലക്കാട് നഗരത്തില്‍ ഫ്ലാറ്റു വാങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ താമസം തുടങ്ങിയതും വോട്ടര്‍മാരെ സ്വാധീനിച്ചു കാണണം. ജയിക്കുമോ എന്ന് സംശയമുള്ളയാള്‍ അതിനു തുനിയില്ലല്ലോ.

അഭൂതപൂര്‍വമായ വിജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ വിവാദങ്ങളും സന്ദീപ് വാര്യരുടെ വരവുമാവണം. പ്രത്യേകിച്ച് നീലപ്പെട്ടി വിവാദം. തിരഞ്ഞെടുപ്പില്‍ ചിലവാക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന കള്ളപ്പണമാണ് നീലനിറമുള്ള ട്രോളി ബാഗില്‍ എന്നായിരുന്നു സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ആരോപിച്ചത്. പക്ഷേ, അത് തിരിച്ചടിക്കുകയായിരുന്നു. ബി.ജെ.പിയുമായി പിണങ്ങി നിന്ന യുവനേതാവ് സന്ദീപ് വാര്യരെ ചാക്കിലാക്കാന്‍ നോക്കിയ സി.പി.എം ഒടുവില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ പോയപ്പോള്‍ കടന്നാക്രമിച്ചതും സാധാരണക്കാര്‍ക്ക് രസിച്ചിട്ടുണ്ടാവില്ല. പ്രത്യേകിച്ച് സുപ്രഭാതത്തിലും സിറാജിലും നല്‍കിയ ‘വിഷനാവ്’ പരസ്യം. അന്ന് സന്ദീപ് പറഞ്ഞു, സരിന്റെ ഏറ്റവും വലിയ തിരിച്ചടി അതായിരിക്കുമെന്ന്, പരസ്യം ബൂമറാങ്ങാവുമെന്ന്. അതുതന്നെ സംഭവിച്ചു. ‘സന്ദീപ് വാര്യര്‍ ഫാക്ടറി’ന് ലീഡ് വര്‍ധിച്ചതില്‍ വലിയ പങ്കുണ്ടെന്ന് കെ.മുരളീധരന്‍ തന്നെ വ്യക്തമാക്കി.

ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് പാര്‍ട്ടിക്ക് ഒറ്റയടിക്ക് കുറഞ്ഞത് പതിനായിരത്തോളം വോട്ടുകളാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാറിനെയാണ് ബി.ജെ.പി ഈ ഉപതിരഞ്ഞെടുപ്പിലും പരീക്ഷിച്ചത്. പാലക്കാട്ടു നഗരസഭയിലെ കാവിക്കോട്ടകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുകയറിയെന്നത് വ്യക്തമാണ്. മുമ്പ് ആദ്യറൗണ്ടുകളില്‍ നേടാനായിരുന്ന ആധിപത്യം ഇത്തവണ പാര്‍ട്ടിക്ക് നിലനിര്‍ത്താനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ തവണ ഇ.ശ്രീധരന്‍ 49,155 വോട്ടുകള്‍ നേടിയിരുന്നു, കൃഷ്ണകുമാറിന് കിട്ടിയത് 39,529 വോട്ടുകള്‍. മൂന്നാമതെത്തിയ സരിനെക്കാള്‍ (37,458) രണ്ടായിരം വോട്ടിന്റെ മുന്‍തൂക്കം. കഴിഞ്ഞ തവണ ഈ അന്തരം 13,533 വോട്ടുകളായിരുന്നു!

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാഫി ജയിച്ചതിനു കാരണം ശ്രീധരന്‍ ജയിക്കാതിരിക്കാന്‍ സി.പി.എം വോട്ടു മറിച്ചതാണെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത്തവണ മത്സരപലം വന്നപ്പോള്‍ എം.വി.ഗോവിന്ദന്‍ പറഞ്ഞത് നഗരമേഖലയില്‍ ബി.ജെ.പി, കോണ്‍ഗ്രസിനു വോട്ടു മറിച്ചെന്നാണ്! മാത്രമല്ല, എസ്.ഡ്.പി.ഐയും ജമാ അത്തെ ഇസ്ലാമിയും പോലുളള വര്‍ഗീയ കക്ഷികളും യു.ഡി.എഫിനു വോട്ടു ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ചേലക്കരയിലെ വിജയം ഭരണവിരുദ്ധ വികാരമില്ലെന്നു സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സഹായകമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.രാധാകൃഷ്ണന്‍ നേടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ പ്രദീപ് ജയിച്ചത് സര്‍ക്കാരിന് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

സ്ഥാനാര്‍ത്ഥി പ്രഖ്യാപന നാളുകളില്‍ ശോഭാ സുരേന്ദ്രന്റെ ഫ്ളക്സ് ചില പ്രവര്‍ത്തകര്‍ വെച്ചതും അത് കത്തിക്കപ്പെട്ടതും വാര്‍ത്തയായിരുന്നു. ശോഭയെപ്പോലെ ശക്തയായ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ കേരള നിയമസഭയില്‍ വീണ്ടും ബി.ജെ.പിക്ക് പ്രതിനിധി ഉണ്ടാവുമായിരുന്നു എന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നു. സന്ദീപ് പ്രശ്നത്തില്‍ കുറേക്കൂടി മാന്യമായി ഇടപെട്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു. അതേ സമയം, സന്ദീപ് പോയത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ ഇല്ലാതാക്കി ഒറ്റക്കെട്ടാവാന്‍ പാര്‍ട്ടിയെ സഹായിച്ചെന്നു കരുതുന്നവരുമുണ്ട്. കൃഷ്ണകുമാര്‍ ശോഭയെയും മെട്രോമാനെയും പോലെ സെലിബ്രിറ്റി അല്ലാത്തതിനാല്‍ നിശബ്ദമായി മുന്നേറ്റം നടത്താനാവുമെന്നും അവസാനനിമിഷം അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ വോട്ടുമറിക്കലുകള്‍ ഉണ്ടാവില്ലെന്നും കണക്കു കൂട്ടിയവരുമുണ്ട്. പക്ഷേ, വോട്ടെണ്ണല്‍ ദിവസത്തെ റിയാലിറ്റി ചെക്ക് അവര്‍ക്ക് കടുത്ത ആഘാതമായിട്ടുണ്ടാവണം.

2016-ല്‍ മത്സരിക്കുമ്പോള്‍ ശോഭ പാര്‍ട്ടിയുടെ വോട്ടുവിഹിതം 19.86 ശതമാനത്തില്‍ നിന്ന് 29.08 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2021 ആയപ്പോള്‍ മെട്രോമാന്‍ ശ്രീധരന്‍ അത് 35.34 ശതമാനമാക്കി. ഈ രണ്ടു തവണയും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ മികവ് വോട്ടിങ് ശതമാനത്തില്‍ പ്രതിഫലിച്ചെന്നു വ്യക്തം. പക്ഷേ, പാര്‍ട്ടി സംസ്ഥാനനേതൃത്വം വ്യക്തിപരമായ പ്രാഗത്ഭ്യം നോക്കാതെ പക്ഷപാതം കാട്ടിയതാണ് തോല്‍വിക്ക് കാരണമെന്ന് സുരേന്ദ്രന്റെ വിരുദ്ധചേരിയിലുള്ളവര്‍ പറയുന്നു. ‘ഇ.ശ്രീധരന് ലഭിച്ച വോട്ടുകള്‍ വ്യക്തിപരമാണ്. ശ്രീധരന് അടുത്തുനില്‍ക്കാന്‍ പോലും താന്‍ യോഗ്യനല്ല. ഇതുവരെ കാണാത്ത വര്‍ഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി’ എന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.

ബി.ജെ.പി പ്രതീക്ഷിച്ച പോലെ മുനമ്പം വിഷയം തിരഞ്ഞെടുപ്പില്‍ ചലനമൊന്നും ഉണ്ടാക്കിയില്ല. ബി.ജെ.പിക്കനുകൂലമായി ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഉണ്ടാവുമെന്ന വിചാരം അസ്ഥാനത്തായി. അതേസമയം, ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനു പിന്നില്‍ അണി നിരക്കുകയും ചെയ്തു. എന്തായാലും ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിനെതിരായ പടയ്ക്ക് ശക്തി വര്‍ധിക്കുകയാണ്.