പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചു. രാഹുലിനെതിരെ മുൻപും സമാന സ്വഭാവമുള്ള പരാതികൾ നിലനിൽക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഇതോടെ രാഹുൽ മാവേലിക്കര ജയിലിൽ തുടരും. ജാമ്യം തേടി തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും ചട്ടവിരുദ്ധമായ അറസ്റ്റാണുണ്ടായതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇതിന് പിന്തുണയായി ശബ്ദരേഖകളും ചാറ്റ് വിവരങ്ങളും ഹാജരാക്കി. എന്നാൽ സമാന വകുപ്പുകൾ ചുമത്തിയ മറ്റ് രണ്ട് കേസുകൾ രാഹുലിനെതിരെ നിലവിലുണ്ടെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം പരിഗണിച്ച കോടതി, സ്ഥിരം കുറ്റവാളിയെന്ന പ്രോസിക്യൂഷൻ ആരോപണത്തിന് പ്രാഥമികമായി കഴമ്പുണ്ടെന്ന് വിലയിരുത്തുകയായിരുന്നു.
ജാമ്യം നൽകിയാൽ എംഎൽഎ എന്ന സ്ഥാനത്തിന്റെ സ്വാധീനം ഉപയോഗിച്ച് പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി ഗൗരവമായി പരിഗണിച്ചു. പരാതിക്കാരിയുടെ മൊഴി സിഡിയിലാക്കി പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് വഴി രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചിട്ടുമുണ്ട്. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പ്രതിഭാഗത്തിനില്ലായിരുന്നുവെന്നും ജില്ലാ കോടതിയിലാണ് ഇനി നിയമനടപടികൾ തുടരുകയെന്നും അറിയിച്ചു.











Leave a Reply