ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവമുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ്. പാലക്കാട് ഹോട്ടലിൽ നിന്ന് അർധരാത്രി കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യഹർജി തള്ളിയതോടെയാണ് റിമാൻഡ്; നാളെ വീണ്ടും ജാമ്യത്തിനായി അപേക്ഷ നൽകാനാണ് നീക്കം.
ജയിലിലേക്കുള്ള വഴിയിൽ അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ വെല്ലുവിളി ഉയർത്തിയതായും കേസിൽ നിന്ന് രക്ഷപ്പെടാൻ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വൈകാതെ പുറത്തിറങ്ങുമെന്ന് പറഞ്ഞതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. രണ്ട് കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്ന രാഹുലിനെ ഒടുവിൽ മൂന്നാം പരാതിയിലാണ് റിമാൻഡ് ചെയ്തത്. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡനം നടത്തിയെന്ന പരാതിയാണ് കേസിന് ആധാരം; വിദേശത്തുള്ള പരാതിക്കാരി ഇമെയിലിലൂടെയാണ് ഡിജിപിക്ക് പരാതി നൽകിയത്.
അറസ്റ്റ് നീക്കങ്ങൾ അതീവ രഹസ്യമായാണ് പൊലീസ് നടത്തിയത്. എസ്‌ഐടി അന്വേഷണം, വീഡിയോ കോളിലൂടെ മൊഴിയെടുപ്പ്, എഫ്ഐആർ വിവരങ്ങൾ ചോരാതിരിക്കാൻ മജിസ്ട്രേറ്റിനെ രഹസ്യമായി അറിയിക്കൽ എന്നിവയായിരുന്നു നടപടികൾ. നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ച് പരാതിക്കാരി അയച്ച സന്ദേശത്തെ തുടർന്നാണ് അടിയന്തിര ഇടപെടലുണ്ടായതെന്നും, മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഡിജിപിയുടെ നേതൃത്വത്തിൽ മിന്നൽ ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് നടത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.











Leave a Reply