തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍ പെട്ട് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ശക്തമായി എതിർത്തിരുന്നെങ്കിലും, രാഹുല്‍ സഭയില്‍ ഹാജരായി മാധ്യമങ്ങളെയും കണ്ടു. പാര്‍ട്ടിയോടുള്ള വിധേയത്വം തുടരുകയാണെന്നും നേതൃത്വത്തെ ധിക്കരിക്കാനല്ലെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിക്കുള്ളിലെ ശക്തമായ ഭിന്നതകള്‍ക്കു വഴിവച്ചിരിക്കുകയാണ്.
രാഹുല്‍ സഭയിലെത്തിയത് സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. പാലക്കാട് മണ്ഡലത്തിലെ അണികളെ കാണാനും തുടര്‍ നടപടികള്‍ ആരംഭിക്കാനും അദ്ദേഹത്തിന്റെ പക്ഷം തയ്യാറെടുപ്പിലാണ്. എന്നാല്‍, രാഹുലിന്റെ സാന്നിധ്യം സഭയിലെ ചര്‍ച്ചകളുടെ ഫോക്കസ് നഷ്ടപ്പെടുത്തുമെന്ന ആശങ്കയാണ് പ്രതിപക്ഷ നേതൃത്വത്തിനുള്ളത്. ആരോഗ്യവകുപ്പിലെ ആരോപണങ്ങളും പൊലീസ് അതിക്രമങ്ങളും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ത്താനിരിക്കുന്ന വിഷയങ്ങളുടെ പശ്ചാത്തലത്തില്‍, രാഹുലിന്റെ പ്രശ്നം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് ഉയര്‍ന്നിരിക്കുന്നത്.
അതേസമയം, സംഘടനാപരമായി ഇതിനകം നടപടികള്‍ എടുത്തുകഴിഞ്ഞിട്ടുള്ളതിനാല്‍ വീണ്ടും ശിക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് മറ്റൊരു വിഭാഗം നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ കരുത്താര്‍ജിച്ച പ്രതിപക്ഷ നേതാവിനെ ദുര്‍ബലപ്പെടുത്താനായി രാഹുലിന്റെ വിഷയം ഉപയോഗപ്പെടുത്തപ്പെടുന്നതായും ആരോപണമുണ്ട്. ആദ്യഘട്ടത്തില്‍ രാഹുലിനെതിരെ തുറന്ന നിലപാട് സ്വീകരിച്ച പലരും ഇപ്പോള്‍ മൗനം പാലിക്കുന്ന സാഹചര്യത്തില്‍, സംഭവ വികാസങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.
Leave a Reply