ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരെ നടത്തിയ പരാമര്‍ശത്തിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ശൂരനാട് രാജശേഖരനാണ് വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പടുത്തതിനാല്‍ തല്‍ക്കാലം വിവാദം വേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകള്‍ പത്മജ ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ വിമര്‍ശനങ്ങളുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഈ പരാമര്‍ശത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം ഉണ്ടെന്നും ഒരു സ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത് ശരിയായ രീതിയല്ലെന്നും ശൂരനാട് രാജശേഖരന്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആദരണീയനായ ലീഡറെ ഇതിലേക്ക് വലിച്ചിഴച്ചതിനെതിരെയും ശൂരനാട് രാജശേഖരന്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, വിഷയം നേരത്തെതന്നെ ചര്‍ച്ചചെയ്തതാണെന്നും തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇനിയും വിവാദങ്ങള്‍ വേണ്ടെന്നുമാണ് യോഗത്തില്‍ വി.ഡി. സതീശന്‍ നിലപാടെടുത്തത്.

‘കരുണാകരന്റെ മകള്‍ എന്നുപറഞ്ഞ് പത്മജ ഇനി നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരന്‍ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും,’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍.