കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക്കിസ്ഥാനോ മറ്റു വിദേശ രാജ്യങ്ങളോ അതിൽ ഇടപെടേണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ ജനങ്ങൾ മരിച്ചു വീഴുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ഐക്യരാഷ്ട്ര സംഘടനയ്ക്ക് എഴുതിയ കത്തിൽ തന്റെ പേരു പരാമർശിച്ചതിനു പിന്നാലെയാണു രാഹുലിന്റെ പ്രതികരണം.
കശ്മീരിൽ അക്രമങ്ങൾ തുടരുകയാണെന്നും അവിടെ ജനങ്ങൾ മരിക്കുകയാണെന്നും രാഹുൽ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു സൂചിപ്പിച്ചു ഷിറീൻ അയച്ച കത്ത് വിവാദമായതിനു പിന്നാലെയാണ്, രാഹുൽ ട്വിറ്ററിൽ നിലപാട് വ്യക്തമാക്കിയത്.
‘വിവിധ വിഷയങ്ങളിൽ എനിക്കു കേന്ദ്ര സർക്കാരിനോടു വിയോജിപ്പുണ്ട്. പക്ഷേ, ഒരു കാര്യം വ്യക്തമാക്കട്ടെ – കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്കിസ്ഥാനോ മറ്റു വിദേശ രാജ്യങ്ങളോ അതിൽ ഇടപെടേണ്ട. കശ്മീരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നതു പാക്കിസ്ഥാനാണ്. ആഗോളതലത്തിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണു പാക്കിസ്ഥാൻ’ – രാഹുൽ പറഞ്ഞു.
രാജ്യാന്തര വേദികളിൽ കശ്മീരിനെക്കുറിച്ചു നുണപ്രചാരണം നടത്തുന്ന പാക്കിസ്ഥാൻ രാഹുലിനെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു പാക്കിസ്ഥാൻ പ്രതികരിക്കണം.
ഭീകര സംഘടനകൾക്കു രാഷ്ട്രീയവും സൈനികവുമായ അഭയം നൽകുന്ന രാജ്യമാണു പാക്കിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply