ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും റെയിൽ യാത്രാ നിരക്കുകൾ കുതിച്ചുയർന്നു. 4.6 ശതമാനം വർദ്ധനവാണ് നിലവിൽ വന്നിരിക്കുന്നത്. ഇതോടെ മിക്ക ട്രെയിൻ ടിക്കറ്റുകളുടെയും വില 5 പൗണ്ട് വർദ്ധിക്കും. നിരക്ക് വർദ്ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം റെയിൽവെ ഗതാഗതം കാര്യക്ഷമമാക്കാനും നവീകരിക്കാനും ഉപയോഗിക്കും എന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ ട്രെയിൻ ഗതാഗത സംവിധാനത്തിലെ പ്രശ്നങ്ങളിൽ യാത്രക്കാർ നിരാശരാണ് എന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ സമ്മതിച്ചു. ട്രെയിൻ താമസിച്ചു വരുന്നതിനെയും റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങളെയും കുറിച്ച് രൂക്ഷമായ വിമർശനങ്ങളാണ് യാത്രക്കാരുടെ ഭാഗത്തു നിന്നും ഉയർന്നുവരുന്നത്. ഈ വർഷം മൂന്ന് റെയിൽവെ ഓപ്പറേറ്റർമാരെ ഏറ്റെടുക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇത് ടിക്കറ്റ് വില കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും മൂലം ദുരിതത്തിലായ കുടുംബങ്ങളെ ട്രെയിൻ ടിക്കറ്റ് നിരക്കുകളുടെ വർദ്ധനവ് വീണ്ടും പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന് കാമ്പെയ്ൻ ഫോർ ബെറ്റർ ട്രാൻസ്പോർട്ട് പറഞ്ഞു. ട്രെയിൻ നിരക്കുകളിൽ കുറവ് വരുത്തണമെന്ന ആവശ്യം ശക്തമായി വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്.

ട്രെയിൻ ടിക്കറ്റുകളിൽ വന്നിരിക്കുന്ന നിരക്ക് വർദ്ധനവ് എല്ലാ വിഭാഗങ്ങളിലെ യാത്രക്കാരെയും ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിലെയും വെൽസിലെയും നിരക്ക് വർദ്ധനവിന് ചുവടുപിടിച്ച് സ്കോട്ട് ലൻഡിൽ റെയിൽ നിരക്കുകൾ 3.5 ശതമാനം വർദ്ധിച്ചു. വടക്കൻ അയർലണ്ടിൽ 2025 ൽ റെയിൽ നിരക്കുകൾ വർദ്ധിക്കുമോ എന്നതിനെ കുറിച്ച് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്. ന്യൂകാസിലിലെ ബന്ധുക്കളെ കാണാൻ കെന്റിൽ നിന്ന് കാറിൽ പോകുന്നതിന് ഒരു കുടുംബത്തിന് 100 പൗണ്ട് ചിലവാകുമ്പോൾ അതേസമയം ബുക്ക് ചെയ്ത് ട്രെയിനിൽ പോകുന്ന ഒരു കുടുംബത്തിന് 400 പൗണ്ട് കൂടുതൽ ചിലവാകും. ചിലവ് കൂടുതലാണെങ്കിലും ട്രെയിൻ യാത്രയ്ക്ക് മുൻതൂക്കം കൊടുക്കുന്ന ഒട്ടനവധി ആളുകൾ ആണ് രാജ്യത്തുള്ളത്. യാത്രയുടെ സമയത്ത് ജോലി ചെയ്യാമെന്നതും ട്രെയിൻ യാത്ര പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന ചിന്തയുമാണ് പലർക്കും ഉള്ളത്.











Leave a Reply