ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ചാരിറ്റി ടൂറിനിടെ വിന്റേജ് റൂട്ട്മാസ്റ്റർ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടതിനെ തുടർന്ന് റെയിൽ മന്ത്രി ലോർഡ് പീറ്റർ ഹെൻഡി പരസ്യ ക്ഷമാപണം നടത്തി. മന്ത്രി വാഹനമോടിക്കുന്ന സമയം ടെക്സ്റ്റ് ചെയ്തത് ഒരു യാത്രക്കാരൻ മാർച്ച് 31 ന് മെട്രോപൊളിറ്റൻ പോലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് റെയിൽവേ ഫാമിലി ചാരിറ്റിയെ പിന്തുണച്ച പരിപാടിക്കിടെ ലോർഡ് പീറ്റർ ഹെൻഡി ഒരു സുഹൃത്തിന് പ്രോസ്റ്റേറ്റ് ക്യാൻസർ പരിശോധനയെ കുറിച്ച് സന്ദേശം അയയ്ക്കുകയായിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ മന്ത്രി പോലീസിൽ റിപ്പോർട്ട് ചെയ്യുകയും തന്റെ വക്താവ് വഴി പൂർണ്ണ ക്ഷമാപണം നടത്തുകയും ചെയ്തു.
മതിയായ തെളിവുകളുടെ അഭാവം മൂലം മെട്രോപൊളിറ്റൻ പോലീസ് ആദ്യം ലോർഡ് ഹെൻഡിക്കെതിരായ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ, വാഹനമോടിക്കുമ്പോൾ താൻ ഫോൺ ഉപയോഗിച്ചുവെന്ന് ഹെൻഡി സമ്മതിച്ചതിനെത്തുടർന്ന് കേസ് വീണ്ടും തുറക്കുകയായിരുന്നു. നിലവിലെ നിയമം അനുസരിച്ച് ലോർഡ് പീറ്ററിന് ഡ്രൈവിംഗ് ലൈസൻസിൽ ആറ് പെനാൽറ്റി പോയിന്റുകളും പിഴയും ലഭിക്കാനാണ് സാധ്യത.
അതേസമയം റെയിൽവേ ഫാമിലി ഫണ്ട്‌റൈസറിന്റെ സംഘാടകർ തങ്ങൾക്ക് ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞു. ഏപ്രിൽ 2 ന് യാത്രക്കാരിൽ ഒരാളിൽ നിന്ന് പോലീസ് റിപ്പോർട്ടിനെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.
Leave a Reply