ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രെയിൻ കമ്പനികളുടെ ദേശസാത്കരണം ഉടനെ നടപ്പാക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു . എന്നാൽ ദേശസാത്കരണവുമായി ബന്ധപ്പെട്ട് നിരക്കുകളിൽ കുറവ് ഉണ്ടാകുമോ എന്നതാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം. ദേശസാത്ക്കരണം നടപ്പിലാക്കിയാലും ട്രെയിൻ നിരക്കുകളിൽ കാര്യമായ കുറവുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ഗതാഗത സെക്രട്ടറി പറഞ്ഞു. ലൂയിസ് ഹൈയുടെ രാജിക്ക് ശേഷം ഒരാഴ്ച മുമ്പ് ഗതാഗത വകുപ്പിൽ ചുമതലയേറ്റ ഹെയ്ഡി അലക്സാണ്ടർ പറഞ്ഞത് കടുത്ത നിരാശയാണ് സാധാരണക്കാർക്ക് സമ്മാനിച്ചിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ട്രെയിൻ കമ്പനികളുടെ ദേശസാത്കരണത്തിലൂടെ ജനങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ കാര്യത്തിൽ കൂടുതൽ മികവ് പുലർത്താൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രെയിൻ റദ്ദാക്കുന്നതും വൈകി ഓടുന്നതും മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ചെയ്യാൻ സാധിക്കും. കഴിഞ്ഞ കുറെ നാളുകളായി രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ട്രെയിൻ ഓപ്പറേറ്റിങ് കമ്പനികളെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നതിൻ്റെ വെളിച്ചത്തിലാണ് ദേശസാത്കരണവുമായി സർക്കാർ മുന്നോട്ടു പോകുന്നത്.


ട്രെയിൻ ഓപ്പറേറ്റർമാരെ പൊതു ഉടമസ്ഥതയിലേയ്ക്ക് കൊണ്ടുവരുന്നത് കൂടുതൽ ഏകീകൃതമായ റെയിൽവെ സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നതിൻ്റെ ആദ്യപടിയാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞു. എന്നാൽ ദേശസാത്കരണത്തിന് എത്ര തുക ചിലവഴിക്കേണ്ടതായി വരും എന്നതിനെ കുറിച്ച് കൃത്യമായ മറുപടി മന്ത്രി നൽകിയില്ല. വിവിധ ട്രെയിൻ സർവീസുകൾ ദേശസാത്ക്കരിക്കാനുള്ള നടപടിയുടെ ഭാഗമായി സൗത്ത് വെസ്റ്റേൺ റെയിൽവെ ആയിരിക്കും ആദ്യമായി ദേശസാത്കരിക്കപ്പെടുന്നത്. ലണ്ടൻ വാട്ടർ ലൂവിൽ നിന്ന് പ്രവർത്തിക്കുന്ന യുകെയിലെ ഏറ്റവും വലിയ യാത്രാ സേവനങ്ങളിലൊന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവെ . ഫസ്റ്റ് ഗ്രൂപ്പും ഹോങ്കോംഗ് റെയിൽ ഓപ്പറേറ്ററായ എംടിആറും തമ്മിലുള്ള സംയുക്ത സംരംഭമായാണ് സൗത്ത് വെസ്റ്റേൺ റെയിൽവെ പ്രവർത്തിക്കുന്നത്.