കോഴിക്കോട്: കേരളത്തില്‍ കനത്തമഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജനജീവിതം താറുമാറാവുകയും ചെയ്തു. ചില ജില്ലകളില്‍ ദുരിതാശ്വാസക്യാമ്പുകളും തുറന്നു. എന്നാല്‍ മഴക്കാലമായതോടെ വിദ്യാര്‍ഥികള്‍ ഉറ്റുനോക്കുന്ന ഒരുസ്ഥലമുണ്ട്- വിവിധ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളാണ് അത്. ഇന്നെങ്ങാനും അവധി പ്രഖ്യാപിക്കുമോ എന്നറിയാനാണ് ഈ പേജുകളിലെ കാത്തിരിപ്പ്. ഇടയ്ക്കിടെ പേജുകളില്‍ കയറിയിറങ്ങി ഇക്കാര്യം ഉറപ്പുവരുത്താനും ഇവര്‍ ശ്രമിക്കുന്നു.
ഞായറാഴ്ച വൈകിട്ട് കേരളത്തിലെ ഒട്ടുമിക്ക ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലും അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. ഇതില്‍ കോഴിക്കോട് ജില്ലയിലാകട്ടെ ആദ്യഘട്ടത്തില്‍ പ്ലസ്ടു വരെ മാത്രമായിരുന്നു അവധി. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്ന കളക്ടര്‍ക്കെതിരെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്ന് വന്‍രോഷമാണുയര്‍ന്നത്. പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ വാട്ടര്‍പ്രൂഫ് ആണോയെന്നും, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ കിറ്റും ടയറും ട്യൂബും സിവില്‍ സ്‌റ്റേഷനില്‍നിന്ന് നല്‍കുമെന്നും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ജൂലായ് 23 ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യം അവധിപ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളില്‍ അറിയിപ്പ് വന്നതിനുപിന്നാലെ നന്ദിയറിയിച്ച് വിദ്യാര്‍ഥികളുടെ അഭിനന്ദന കമന്റുകളുമെത്തി. കളക്ടര്‍ ഹീറോയാണെന്നും ഇത് ഇനിയും പ്രതീക്ഷിക്കുന്നതായും കമന്റുകള്‍ നിറഞ്ഞു. ഇനി ഓരോ മണിക്കൂറുകള്‍ കഴിയുന്തോറും വിവിധ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രതീക്ഷയോടെ അവധി തേടിയുള്ള കമന്റുകള്‍ നിറയും.
Leave a Reply