യുഎഇയിലും ഒമാനിലും കനത്ത മഴ തുടരുന്നു. ശക്തമായ തണുത്ത കാറ്റുവീശുന്ന സാഹചര്യത്തിൽ അന്തരീക്ഷ താപനില താഴ്ന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശിക്കുന്നു.
ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴയിൽ താഴ്ന്ന മേഖലകൾ പലതും വെള്ളത്തിലായി. പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ടുണ്ടായി. തിങ്കൾ വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികൾക്കു സമീപത്തു നിന്നു വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. മുന്നിലുള്ള വാഹനവുമായി നിർബന്ധമായും സുരക്ഷിത അകലം പാലിക്കണം. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ പുലർച്ചെ നല്ല മഴ ലഭിച്ചു. വടക്കൻ എമിറേറ്റുകളിലെ താഴ്ന്ന മേഖലകളിൽ വെള്ളം കയറി. റാസൽഖൈമ ജബൽ ജൈസ് മലനിരകളിലേക്കുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്.
പർവതമേഖലകളിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇന്നലെ വൈകുന്നേരം മുതൽ അഞ്ചു തവണ കൃതൃമമഴയ്ക്കായി ക്ളൌഡ് സീഡിങ് നടത്തിയതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഒമാനിലെ മുസണ്ടം, ബുറൈമി, ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖ് ലിയ ഗവർണറേറ്റുകളിൽ ഇടിയോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒമാനിലും ഞായറാഴ്ച വരെ മഴയ്ക്കു സാധ്യതയുണ്ട്.
Leave a Reply