ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ–ന്യൂസീലൻഡ് സെമി പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററിൽ മഴയുടെ കളിതുടരുന്നു. മഴമൂലം ഇപ്പോൾത്തന്നെ മൂന്ന് മണിക്കൂറിലധികം മൽസരം വൈകിയതിനാൽ കളി പുനഃരാരംഭിച്ചാലും ഓവറുകൾ വെട്ടിച്ചുരുക്കും. ഇന്ത്യയ്ക്ക് 20 ഓവറെങ്കിലും ബാറ്റിങ്ങിന് സമയം കിട്ടുമെങ്കിൽ മാത്രമേ ഇന്നു മൽസരം തുടരൂ. അല്ലെങ്കിൽ മൽസരം റിസർവ് ദിനമായ നാളേക്കു മാറ്റും. അങ്ങനെയെങ്കിൽ ഇന്നു നിർത്തിയിടത്തു നിന്നാകും നാളെ മൽസരം പുനഃരാരംഭിക്കുക. മല്‍സരം 35 ഓവറായി ചുരുക്കിയാല്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 209 റണ്‍സ്. 25 ഓവറാക്കിയാല്‍ വിജയലക്ഷ്യം 172 റണ്‍സ്. 20 ഓവറായി ചുരുക്കുകയാണെങ്കില്‍ ജയിക്കാന്‍ 148 റണ്‍സ് എടുക്കണം.നാളെയും മൽസരം നടന്നില്ലെങ്കിൽ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. റൗണ്ട് റോബിൻ ഘട്ടത്തിൽ ന്യൂസീലൻഡിനെക്കാൾ പോയിന്റും മെച്ചപ്പെട്ട നെറ്റ് റൺറേറ്റുമുള്ളതിനാലാണ് ഇത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. ഏകദിനത്തിലെ 50–ാം അർധസെഞ്ചുറിയുമായി റോസ് ടെയ്‍ലർ (67), ടോം ലാഥം (മൂന്ന്) എന്നിവർ ക്രീസിൽ.
ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് മൽസരം. ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റമാണുള്ളത്. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചെഹൽ തിരിച്ചെത്തി. ഇതോടെ രവീന്ദ്ര ജഡേജ ടീമിൽ തുടരും. പേസ് വിഭാഗത്തിൽ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോൾ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഭുവനേശ്വർ കുമാർ ബോളിങ് ആക്രമണം നയിക്കും. ന്യൂസീലൻഡ് ടീമിൽ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെർഗൂസൻ മടങ്ങിയെത്തി.
	
		

      
      



              
              
              




            
Leave a Reply