കൊച്ചി: സംസ്ഥാനത്ത കനത്ത മഴയില്‍ കനത്ത നാശനഷ്ടം. നാലുപേര്‍ വിവിധ സംഭവങ്ങളിലായി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേരും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും റാന്നിയില്‍ ഷോക്കേറ്റ് ഒരാളുമാണ് മരിച്ചത്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ 33ഡാമുകളാണ് സംസ്ഥാനത്ത് തുറന്നു വിട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി. കനത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും പുറപ്പെടുവിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെത്തുടര്‍ന്ന് വള്ളക്കടവിലും പരിസരങ്ങളിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്നലെ രാത്രി തന്നെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് ബുധനാഴ്ച പുലര്‍ച്ച മുതല്‍ സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ പുറത്തേക്കൊഴുക്കുന്നത്.
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിപ്പ് പുലര്‍ച്ചെ നാലു മണിയോടെ 2398.28 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ അണക്കെട്ടില്‍ വീണ്ടും വെള്ളം ഉയരും. പെരിയാറിന്റെ തീരത്തുള്ള അയ്യായിരത്തോളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റുന്നുണ്ട്.
Leave a Reply