കുഞ്ഞ് റജയുടെ ഒരേ കരച്ചില്‍ എട്ടംഗ കുടുംബത്തിനെ രക്ഷിച്ചത് മരണവക്കില്‍ നിന്ന്. എടപ്പറ്റ യൂസഫ് കുരിക്കളിന്റെ വീടാണ് അഞ്ച് നിമിഷം കൊണ്ട് നിലംപൊത്തിയത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും കുടുംബവും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം മാത്രമാണ് യൂസഫിനുള്ളത്. യൂസഫിന്റെ പേരക്കുട്ടിയായ കുഞ്ഞ് റജയാണ് കുംടുംബത്തെ മരണവക്കില്‍ നിന്ന് കരകയറ്റിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. കണ്‍മുന്‍പിലാണ് ഓടിട്ട ഇരുനില വീട് തകര്‍ന്ന് വീണത്.

അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു. പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെ ചുമരുകളില്‍നിന്ന് ശബ്ദവും, ചുമരുകള്‍ വിണ്ടുകീറുന്നതും മണ്ണ് പൊടിയുന്നതും ശ്രദ്ധയില്‍പ്പെട്ടു. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി.

എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങിയ അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു. ഏതായാലും പേരക്കുഞ്ഞിന്റെ ശബ്ദത്തില്‍ എത്തിയത് പുതുജീവിതമാണ് ഇവര്‍ക്ക്.