ജയ്പൂര്‍: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ആണ്‍ മയില്‍ ഇണചേരില്ലെന്നും ഓക്‌സിജന്‍ സ്വീകരിച്ച് അത് പുറത്തു വിടുന്ന ഏകജീവിയാണ് പശുവെന്നും മറ്റും പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഹേഷ്ചന്ദ്ര നരേന്ദ്രമോഡിയെയും വസുന്ധരാരാജയെയും വരെ വെറുതേ വിട്ടയാള്‍. മോഡിക്കെതിരേ അപകീര്‍ത്തി കേസിലും വസുന്ധരാ രാജ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസിലും ഇരുവരെയും രക്ഷപ്പെടുത്തിയത് ഈ ജഡ്ജിയയായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോഡിക്കെതിരേ അപകീര്‍ത്തി കേസ് പരിഗണിച്ചത്. ജവഹര്‍ലാല്‍ നെഹ്രുവിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ മോഡിയെ കുറ്റവിമുക്തനാക്കി. വസുന്ധരാ രാജയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിനൊപ്പം മൂന്ന ഹൈക്കോടതി ജഡ്ജിമാരെയും തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. ഇതിനൊപ്പം 100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു എന്ന ജാല്‍ മഹാല്‍ ഭൂമി തട്ടിപ്പ് കേസിലും വസുന്ധരാ രാജയെ ജഡ്ജി രക്ഷിച്ചു. കരാറില്‍ ഒപ്പിട്ടില്ലെന്ന് പറഞ്ഞായിരുന്നു കുറ്റവിമുക്തയാക്കിയത്.
1975 ല്‍ ദൗസ ഗവണ്‍മെന്റ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 1978 ല്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയത്. 1979 ല്‍ എന്റോള്‍ ചെയ്ത് മഹേഷ് ചന്ദ്ര ശര്‍മ്മ നിയമജീവിതം ആരംഭിച്ചു. ജയ്പൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ച അദ്ദേഹം മഹാരാജാ സ്വാമി മാന്‍സിംഗ് ട്രസ്റ്റിനും ശ്രീ ഷീലാ മാതാജി ട്രസ്റ്റിനും വേണ്ടിയായിരുന്നു കൂടുതല്‍ കേസുകളും വാദിച്ചത്. ഹിന്ദു സ്ഥാന്‍ ടൈംസ്, രാജസ്ഥാന്‍ പത്രിക തുടങ്ങിയ പത്രങ്ങളുടെയും കേസുകള്‍ ഏറ്റെുടത്തിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ജയ്പൂര്‍ ബഞ്ചില്‍ എത്തിയ അദ്ദേഹം രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറാലായി. 2007 ലാണ് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാകുന്നത്.
ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിധിന്യായത്തില്‍ എടുത്തു പറഞ്ഞ് ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്ത കേസില്‍ ഇദ്ദേഹം നടത്തിയ നിരീക്ഷണവും വാര്‍ത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയിലാണ് മയില്‍ ബ്രഹ്മചാരിയാണെന്നും അതുകൊണ്ടാണ് കൃഷ്ണന്റെ കിരീടത്തില്‍ മയില്‍പ്പീലി വെച്ചിരിക്കുന്നതെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാണ് പെണ്‍ മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നും പറഞ്ഞത്. പശുവും മയിലും ധാര്‍മ്മികതയുള്ള ജീവികളാണെന്നും താന്‍ പശുവിനെ ആരാധിക്കുന്ന ശിവന്റെ ഭക്തന്‍ കൂടിയാണെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.
Leave a Reply