ജയ്പൂര്‍: രാജസ്ഥാനില്‍ അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ദിവസമായി ആചരിക്കും. യുവാക്കളില്‍ വാലന്റൈന്‍സ് ഡേയ്ക്ക് വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഇല്ലാതാക്കാനാണ് നടപടി. മാതൃ പിതൃ പുജാന്‍ ദിവസ് എന്നാണ് ദിവസത്തിന് പേര് നല്‍കിയിരിക്കുന്നത്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ശിവ് പഞ്ചാംഗ് വാര്‍ഷിക കലണ്ടറില്‍ വിദ്യാഭ്യാസ വകുപ്പ് മാതൃ പിതൃ പുജാന്‍ ദിവസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 23-ാം തിയതി ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനി മാര്‍ച്ചില്‍ നിയമസഭയില്‍ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു.

വിദ്യാര്‍ഥികള്‍ മറ്റാരെയെങ്കിലും സ്നേഹിക്കുന്നതിന് മുമ്പ് അവരുടെ മാതാപിതാക്കളെ സ്നേഹിക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു മന്ത്രി അന്ന് നിയമസഭയില്‍ പറഞ്ഞത്.