ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ അധ്യാപികയായുള്ള അഭിമുഖത്തിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനത്തിന് എൻഎസ്എസ് കോളേജ് വലിയ തുക ഡൊണേഷൻ ആവശ്യപ്പെട്ട ദുരനുഭവം വെളിപ്പെടുത്തി ഐപിഎസ് ഓഫീസറായിരുന്ന ആർ ശ്രീലേഖ.

അധ്യാപകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് കോട്ടയം ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലെത്തിയപ്പോഴായിരുന്നു 25000 രൂപ ഡൊണേഷൻ ഫീയായി ആവശ്യപ്പെട്ടതെന്നും നൽകാനില്ലെന്ന് പറഞ്ഞപ്പോൾ ദരിദ്രരെ സഹായിക്കലല്ല നായർ സർവീസ് സൊസൈറ്റിയുടെ പരിപാടിയെന്ന് പരിഹസിച്ചെന്നും ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു.

ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ച് മെറിറ്റിൽ അഡ്മിഷൻ ലഭിക്കേണ്ടിയിടത്താണ് നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള കോളേജിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

സംഭവം ആർ ശ്രീലേഖ വിശദീകരിക്കുന്നതിങ്ങനെ:

‘പത്രപരസ്യം കണ്ട് അഭിമുഖത്തിനായി ചങ്ങനേശ്ശേരി എൻഎസ്എസ് കോളേജിൽ എത്തി. റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു. പിന്നീട് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോളേജിന്റെ ടെലഗ്രാം ലഭിച്ചു. ഇത് പ്രകാരം ദിവസങ്ങൾക്ക് ശേഷം കോളെജിൽ എത്തി. സർട്ടിഫിക്കറ്റ് അടക്കമുള്ള ഡോക്യുമെന്ററികൾ സൂപ്രണ്ടിനെ കാണിച്ചു. ഡോക്യുമെന്റ്സ് കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പുച്ഛത്തോടെയുള്ള ചിരിയായിരുന്നു. കാര്യം തിരക്കിയപ്പോൾ ‘നിയമനത്തിനായി 25000 രൂപ കൊണ്ടുവന്നിട്ടുണ്ടോ’ എന്ന് ചോദിച്ചു.

അങ്ങനെയൊരു കാര്യം സൂചിപ്പിച്ചിട്ടില്ലല്ലോയെന്ന് പറഞ്ഞപ്പോൾ ‘അത് ഇവിടുത്തെ എഴുതപ്പെടാത്ത ഒരു ചട്ടമാണെന്നായിരുന്നു’ മറപടി. 1984 ൽ 25000 വലിയ തുകയാണ്.
ഒന്നാം റാങ്ക് കാരിയാണ്, മെറിറ്റിൽ അഡ്മിഷൻ വേണം. പണം ഒഴിവാക്കി തരണം എന്ന് പറഞ്ഞപ്പോൾ ജനറൽ സെക്രട്ടറിയെ പോയി കാണുവെന്നായിരുന്നു മറുപടി. അങ്ങനെ ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ എത്തി. അമ്മയെ പുറത്തിരുത്തി
കൊണ്ട് അദ്ദേഹത്തെ ഓഫീസിൽ കയറി കണ്ട് പ്രതിസന്ധിയെകുറിച്ച് പറഞ്ഞു.

‘പണം വാങ്ങുന്നത് ഞങ്ങളുടെ പോളിസിയാണ് ബോർഡ് എടുത്ത തീരുമാനമാണ്. പൈസ ഒഴിവാക്കാൻ പറ്റില്ല. ടീച്ചർ എന്നു പറയുമ്പോൾ നല്ല ശമ്പളം അല്ലേ കിട്ടുന്നത്. ഒരു വർഷം കൊണ്ട് അത് തിരിച്ചടക്കാൻ കഴിയുമല്ലോ’ എന്നായിരുന്നു മറുപടി. എന്നാൽ തരാൻ പണം ഇല്ലെന്ന് ഞാൻ വീണ്ടും അവർത്തിച്ചു.

‘ഞാനൊരു നായർ പെൺകുട്ടിയാണ്. അച്ഛൻ കുട്ടികാലത്തെ മരിച്ചു. രണ്ട് ചേച്ചിമാരുണ്ട്. അമ്മയ്ക്ക് ജോലിയില്ല. ആ പരിഗണനയിലെങ്കിലും ജോലി തരണം. നിങ്ങൾ നായർ സർവ്വീസ് സൊസൈറ്റിയല്ലേ. ആ പരിഗണനയിൽ എനിക്ക് ജോലി തന്നൂടേ.’ എന്ന് ചോദിച്ചു

‘നായർ സർവ്വീസ് എന്നു പറയുന്നത് നിങ്ങളെപോലെയുള്ള നിർധന നായർമാരെ സഹായിക്കലല്ല. പ്രസ്ഥാനത്തെ സഹായിക്കാനാണ് സർവ്വീസ് എന്നു പറയുന്നത്. ഞങ്ങളുടെ എല്ലാസ്ഥാപനങ്ങളും കൃത്യമായി നടന്നുപോകണ്ടേ. ജോലി വേണ്ടെങ്കിൽ രാജിക്കത്ത് എഴുതിതന്ന് പോയിക്കോളു. റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവരെ നിയമിക്കാം. അവരിൽ നിന്നും 75000 രൂപവരെ വാങ്ങിക്കാൻ കഴിയും.’ എന്നായിരുന്നു ശ്രീലേഖയ്ക്ക് ലഭിച്ച മറുപടി.

അപ്പോയിൻമെന്റ് ലെറ്റർ കീറി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ചിട്ടാണ് ഇറങ്ങി പോന്നതെന്ന് ശ്രീലേഖ പറയുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ തനിക്ക് എൻഎസ്എസിന്റെ തന്നെ അപ്പോയിൻമെന്റ് ലെറ്റർ വന്നിരുന്നു. പണം ഇല്ലാതെ തന്നെ നിയമനം നടത്താമെന്നായിരുന്നു അറിയിപ്പായിരുന്നു കത്തിലെന്നും ശ്രീലേഖ വ്യക്തമാക്കി. ജോലി നിഷേധിച്ചതിന് ഹൈക്കോടതി പോകുമെന്നൊക്കെ പറഞ്ഞതുകൊണ്ടായിരിക്കണം അത്തരമൊരു കത്ത്.

ഒറ്റപ്പാലം എൻഎസ്എസ് കോളേജിലായിരുന്നു നിയമനം. കത്തുമായി ജോയിൻചെയ്യാൻ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പോയപ്പോഴും അനുഭവം സമാനമായിരുന്നു. ‘നല്ലതിന് വേണ്ടിയല്ല ഈ നിയമനം. കോടതിയിൽ പോകുമെന്ന് പറഞ്ഞത് കൊണ്ടാണ് ഈ പോസ്റ്റിംഗ്. മൂന്നോ നാലോ വർഷം സാലറി പോലും കിട്ടാൻ പോകുന്നില്ല. ഒരുപാട് ട്രാൻസ്ഫെറുകൾ ഉണ്ടാവും. അങ്ങനെ നിങ്ങൾ സഹികെട്ട് 25000 രൂപ കൊടുക്കും. ശേഷമായിരിക്കും പേ സ്ലിപ്പോ ശമ്പളമോ കിട്ടുകയുള്ളൂ.’ എന്ന് അവിടുത്തെ പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയതോടെ താൻ ജോയിൻ ചെയ്യാതെ മടങ്ങിയെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു.