സ്വന്തം ലേഖകൻ
ലണ്ടൻ : ഭാര്യയെയും മക്കളെയും വിട്ട് രാജേഷ് ജയശീലൻ യാത്രയായി. കൊറോണ വൈറസ് ബാധിതനായ രാജേഷ് (44) ലണ്ടനിലെ നോർത്ത്വിക്ക് പാർക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉബെർ ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന അദേഹത്തിന്റെ കുടുംബം ബാംഗ്ലൂരിലാണ്. രാജേഷിന്റെ ഫോൺ വിളികൾ ഇനി ഭാര്യ മേരിയെയും രണ്ട് മക്കളെയും തേടിയെത്തില്ല. കൊറോണ വൈറസ് കൂട്ടികൊണ്ടുപോകുന്നത് മറ്റൊരു കുടുംബത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്. രോഗബാധിതനായപ്പോഴും ഭാര്യയെ വിളിച്ചു ആശങ്കപ്പെടാനൊന്നുമില്ലെന്ന് അറിയിച്ചു. പിന്നീട് രോഗം ഗുരുതരമായപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം മേരിയെ വിളിച്ചു.” എനിക്ക് ഭയമാകുന്നു.” എന്ന് പറഞ്ഞു. അതായിരുന്നു രാജേഷിന്റെ അവസാനത്തെ ഫോൺകോൾ. 2014 ഫെബ്രുവരി 24 ന് വിവാഹിതരായ രാജേഷും മേരിയും തെക്കൻ ബാംഗ്ലൂരിലെ ഹുലിമാവുവിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് 66 വയസ്സുള്ള അമ്മയോടോത്ത് കഴിയുകയായിരുന്നു. വർഷത്തിൽ ഭൂരിഭാഗവും രാജേഷ് വടക്കൻ ലണ്ടനിലെ ഹാരോയിൽ ഒരു മുറി വാടകയ്‌ക്കെടുക്കുകയും നഗരത്തിൽ ഉബർ വാഹനം ഓടിക്കുകയും ചെയ്തിരുന്നു. “അദ്ദേഹം 22 വർഷമായി ലണ്ടനിൽ താമസിക്കുന്നുണ്ടായിരുന്നു. ഏതാനും മാസങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങിവരും. അവൻ ലണ്ടനെ സ്നേഹിച്ചിരുന്നു. ലണ്ടൻ വളരെ സുന്ദരവും വൃത്തിയുള്ളതുമാണെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു. ഞാൻ ഒരിക്കലും ലണ്ടനിൽ പോയിട്ടില്ല, അതിനാൽ എനിക്കത് വിവരിച്ചു നൽകും.” മേരി വെളിപ്പെടുത്തി. “ഇന്ത്യയിൽ ഇല്ലാതിരുന്നപ്പോൾ എല്ലാ ദിവസവും തന്റെ രണ്ട് ആൺമക്കളെയും വീഡിയോ കോൾ ചെയ്യുമായിരുന്നു. അദ്ദേഹം നല്ലൊരു ഗായകൻ കൂടിയായിരുന്നു.അദ്ദേഹം ധാരാളം ഹിന്ദി ഗാനങ്ങൾ പാടിക്കേൾപ്പിച്ചു.” അഭിമാനത്തോടെ മേരി പറയുന്നു.
രാജേഷ് ലണ്ടനെ സ്നേഹിച്ചിരുന്നെങ്കിലും എന്നും അവിടെ തുടരാൻ താല്പര്യപ്പെട്ടിരുന്നില്ല. ഇന്ത്യയിലുള്ള തന്റെ കുടുംബവുമായി ഒരുമിച്ച് കഴിയാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി 2019 അവസാനം ബാംഗ്ലൂരിൽ എത്തിയ അദ്ദേഹം ലോൺ എടുത്ത് ഒരു വീട് പണിയുവാൻ പദ്ധതിയിട്ടു. ജനുവരി 15ന് ബ്രിട്ടനിലേക്ക് തിരികെയെത്തി ജോലി ചെയ്യുവാനും തുടങ്ങി. എന്നാൽ രോഗം തീവ്രമായതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പല ഉബർ ഡ്രൈവർമാരെയും പോലെ രാജേഷും ആദ്യം ജോലി തുടർന്നെങ്കിലും പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടായതിനാൽ ജോലി നിർത്തേണ്ടിവന്നു. മാർച്ച് 25ന് ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്രയെത്തുടർന്ന് അവശനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊറോണ വൈറസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയെങ്കിലും രോഗം തീവ്രമാകാത്തതിനാൽ തന്റെ താമസസ്ഥലത്തേക്ക് തന്നെ രാജേഷ് മടങ്ങി. എന്നാൽ അപകടസാധ്യത ഉള്ളതിനാൽ വീടൊഴിയാൻ വീട്ടുടമസ്ഥൻ പറഞ്ഞതിനെത്തുടർന്ന് നിരവധി രാത്രികൾ രാജേഷിന് കാറിൽ ഉറങ്ങേണ്ടതായി വന്നു. പകർച്ചവ്യാധിയുടെ സമയത്തുണ്ടായ ഈയൊരു ഹീനമായ നടപടി രാജേഷിന്റെ ജീവനുതന്നെ ഭീഷണിയായി മാറി.
ഏപ്രിൽ 11 ന് രാജേഷിനെ പരിചരിക്കുന്ന ഡോക്ടർമാർ മേരിയെ വിളിച്ച് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു. രാജേഷിന്റെ നില മെച്ചപ്പെടുമെന്ന് അവർ കരുതിയില്ല. അവസാനമായി മേരിയെയും കുട്ടികളെയും കാണാനായി അവർ ഒരു വീഡിയോ കോൾ ക്രമീകരിച്ചെങ്കിലും രാജേഷ് അബോധാവസ്ഥയിലായിരുന്നു. രണ്ടുമണിക്കൂറിനുശേഷം അദ്ദേഹം മരിച്ചു. മകൻ മരിച്ചുവെന്ന് അറിഞ്ഞ രാജേഷിന്റെ അമ്മ രോഗിയായെന്ന് മേരി പറഞ്ഞു. ഡ്രൈവർമാർ, ഫുഡ് ഡെലിവറി ജോലിക്കാർ തുടങ്ങിയവരുടെ സുരക്ഷ ഈ കാലത്ത് ഉറപ്പാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. രാജേഷ് ഇല്ലാത്ത ആ വീടിന്റെ അവസ്ഥ എന്താകുമെന്നോർത്ത് മേരി ഭയപ്പെടുന്നു. തങ്ങളിലേക്ക് മടങ്ങിയെത്താൻ ഇനി രാജേഷില്ല. കൊറോണ വൈറസ് തകർത്തെറിയുന്ന ജീവനുകളുടെ കൂട്ടത്തിലേക്ക് രാജേഷും ചേർക്കപ്പെട്ടിരിക്കുന്നു.
Leave a Reply