ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2487 പുതിയ കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടു കൂടി രോഗികളുടെ എണ്ണം 40,263 ആയി. ഇതിൽ 28,070 പേരാണ് ചികിത്സയിലുള്ളത്. 10,887 പേർ രോഗമുക്തരായി. ഇതുവരെ 1306 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനിടെ 83 പേർ മരിച്ചു.

കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 2000 പേരുടെ രോഗം ഭേദമായപ്പോൾ 521 പേർ മരണത്തിനു കീഴടങ്ങി. ആന്ധ്രപ്രദേശ് (1583), ഡൽഹി (4122), ഗുജറാത്ത് (5055), മധ്യപ്രദേശ് (2846), രാജസ്ഥാൻ (2772), തമിഴ്നാട് (2757), തെലങ്കാന (1063), ഉത്തർപ്രദേശ് (2626) എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ. ജമ്മു കശ്മീരിൽ ഞായറാഴ്ച 35 പേർക്കൂ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 701 ആയി.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. 35,06,399 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2,45,193 പേര്‍ മരിച്ചു. രോഗബാധിതരില്‍ 11,60,996പേര്‍ യുഎസിലാണ്. 67,448 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,45,567 രോഗികളുള്ള സ്‌പെയിനില്‍ 25,100 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 28,710, ബ്രിട്ടനില്‍ 28,131, ഫ്രാന്‍സില്‍ 24,760 എന്നിങ്ങനെയാണ് മരണം.
1,64,967 രോഗികളുള്ള ജര്‍മനിയില്‍ 6,812 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിൽ ഞായറാഴ്ച 14 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി നാഷനൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. ഇതിൽ 12 പേർക്കും രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച രണ്ടു പുതിയ കേസുകളുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 82,877 പേർക്കു രോഗം സ്ഥിരീകരിച്ചു. 531 പേരാണ് ചികിത്സയിലുള്ളത്. 4,630 പേർ‌ മരിച്ചു.