കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് നാളെയാണ് പട്ടിക കൈമാറുക. വിജയ സാദ്ധ്യത മാത്രമാകണം മാനദണ്ഡമെന്നാണ് എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്ന് ടി. എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. യുവ പ്രാതിനിധ്യം സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.
Leave a Reply