സ്വന്തം പാര്‍ട്ടിയിലെ നേതാവ് പണം മോഷ്ടിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കാസർകോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യുഡിഎഫ് ഫണ്ടിലെ പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസർകോട് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസർകോട് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി.
സംഭവത്തിൽ സാഹായിയായ കൊല്ലം സ്വദേശിക്കെതിരെയാണ് രാജ്മോഹൻ ഉണ്ണിത്താൻ ആരോപണം ഉന്നയിച്ചിട്ടുള്ളത്. രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായിട്ടാണ് കൊല്ലത്ത് നിന്ന് നേതാവ് എത്തിയത്. മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാസർകോട് മേപ്പറമ്പിൽ വാടക വീട് സജ്ജമാക്കിയിരുന്നു. ഇവിടെ നിന്നാണ് പണം നഷ്ടപ്പെട്ടതെന്നാണ് ആരോപണം.
ജില്ലാ പൊലീസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല. പണം മോഷണം പോയ കാര്യം നേരത്തേ ഉണ്ണിത്താന് അറിയാമായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ സമയത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകാമെന്ന ആശങ്കയിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് പരാതി നല്‍കിയിരിക്കുന്നത്.
Leave a Reply