ഒരു നടനും ഇങ്ങനെയൊരു ജീവിത സാഹചര്യത്തിൽക്കൂടി കടന്നുപോയിട്ടുണ്ടാകില്ല. സ്വന്തം സിനിമയുടെ റിലീസും അതിനെ പ്രേക്ഷകർ ഏറ്റെടുത്ത വിവരവും ജയിലിനുള്ളിൽ നിന്ന് അറിയേണ്ടി വരിക. രാമലീല റിലീസിനെത്തുമ്പോള്‍ ദിലീപിന്റെ മനസ്സിലെന്താകുമെന്നാകും പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാകുക.

സിനിമയിലെ കഥാപാത്രം കടന്നുപോയ അതേജീവിതസാഹചര്യം നേരിടുക. ജീവിതത്തിലെ നിർണായകഘട്ടത്തിൽ റിലീസിനെത്തിയ സിനിമ. അങ്ങനെ രാമലീല എന്ന സിനിമ ദിലീപിന്റെ ജീവിതത്തോട് ഒരുപാട് ചേർന്ന് നിൽക്കുന്നു.

സിനിമയുടെ വലിയ വിജയം ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷം രാമലീലയുടെ സംവിധായകനായ അരുൺ ഗോപിയും നിർമാതാവ് ടോമിച്ചൻ മുളകുപാടവും പ്രൊഡക്ഷൻ കണ്ട്രോളർ നോബിള്‍ ജേക്കബും  ദിലീപിനെ ജയിലിലെത്തി സന്ദർശിക്കുകയുണ്ടായി.

സിനിമയുടെ വിജയത്തെക്കുറിച്ച് കേട്ടറിഞ്ഞ  ദിലീപ് വികാരാധീനനായി. ഒരു പൊട്ടിക്കരച്ചലിലൂടെയാണ് അദ്ദേഹം ആ വാർത്ത കേട്ടത്. ഓൺലൈൻ മാധ്യമങ്ങളിലും തിയറ്ററുകളിലും ചിത്രത്തിന് മികച്ച റിപ്പോർട്ട് ഉണ്ടെന്ന് ദിലീപിനോട് ഇവർ പറയുകയുണ്ടായി. എന്നാല്‍ മറ്റൊന്നും പറയാൻ അദ്ദേഹം മുതിർന്നില്ല.

സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലേക്കുള്ള ഷോയും ബുക്കിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞു. ചിത്രത്തിന് റെക്കോർഡ് കലക്ഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.