1986ലെ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ജയ്പ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ടീമില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ രമണ്‍ ലാംബയെ ഉള്‍പ്പെടുത്തി. ജെഫ് മാര്‍ഷും ഡേവിഡ് ബൂണും സെഞ്ചുറി അടിച്ച ആ മത്സരത്തില്‍, 47 ഓവറില്‍ ഓസ്‌ട്രേലിയ നേടിയത് 251/ 3. ഇന്ത്യയും ഒട്ടും മോശമാക്കിയില്ല. ശ്രീകാന്ത് തുടക്കം മുതല്‍ തന്നെ ആക്രമണം തുടങ്ങി. 26 റണ്‍സ് എടുത്ത് പുറത്തായ ഗാവസ്‌കര്‍ക്ക് പകരം ക്രീസിലേക്ക് വന്നത് രമണ്‍ ലംബ. തന്റെ ആദ്യ മത്സരം കളിക്കുന്നതിന്റെ ഒരു പരിഭ്രമവും കൂടാതെ ബാറ്റ് വീശിയ ലാംബ 53 പന്തില്‍ 64 റണ്‍സ് എടുത്ത് ശ്രീകാന്തിനൊപ്പം 102 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തിയ ശേഷമാണ് പുറത്തായത്. മത്സരം 41 ആം ഓവറില്‍ ഇന്ത്യ വിജയിച്ചു.
നല്ലൊരു അറ്റാക്കിങ് ബാറ്റ്‌സ്മാന്‍ ആയ രമണ്‍ ലാംബയെ മൂന്നാം ഏകദിനം മുതല്‍ ശ്രീകാന്തിനൊപ്പം ഓപ്പണിനിങ് നിയോഗിച്ചു. സീരീസിലെ 6 മത്സരങ്ങളും കളിച്ച ലാംബ, നാലാം ഏകദിനത്തില്‍ 74(68) ഉം, അവസാന ഏകദിനത്തില്‍ സെഞ്ചുറിയും 102 (120) നേടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ സീരീസ് ഗംഭീരമാക്കി. മാന്‍ ഓഫ് ദി സീരീസും ലംബയായിരുന്നു.
പക്ഷെ അവിസ്മരണീയമായ തുടക്കത്തിന് ശേഷം ആ ടെമ്പോ നില നിര്‍ത്താന്‍ ലാംബക്ക് സാധിച്ചില്ല. അടുത്ത 5 മത്സരങ്ങളില്‍ നിന്ന് അയാള്‍ക്ക് നേടാനായത് 13 റണ്‍സ് മാത്രം. പിന്നെ വീണ്ടും ഒരു ഫിഫ്റ്റി. ഗാവസ്‌കര്‍ക്ക് ശേഷം ശ്രീകാന്തിന് പറ്റിയ കൂട്ടാകും എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച രമണ്‍ ലംബക്ക്, പക്ഷെ ആ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ആയില്ല. ബാറ്റിങ്ങിലെ അസ്ഥിരത, 1987 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ഉറപ്പായിരുന്ന സ്ഥാനം രമണ്‍ ലാംബക്ക് നഷ്ടപ്പെടുത്തി. ആ സ്ഥാനത്ത് പകരം വന്നത് നവ്ജ്യോത് സിംഗ് സിദ്ധു.
1987 ല്‍ ടീമില്‍ നിന്ന് പുറത്തായ ലാംബയ്ക്ക് അടുത്ത വര്ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു മത്സരത്തില്‍ അവസരം കിട്ടിയില്ലെങ്കിലും തിളങ്ങാനായില്ല. അതിനടുത്ത വര്ഷം 1989 ലാണ് വീണ്ടും ലാംബക്ക് ടീം സ്ഥിരം സ്ഥാനം ലഭിക്കുന്നത്. 1989 ല്‍ നടന്ന നെഹ്റു കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരമാണ് ലംബയുടെ മറ്റൊരു മികച്ച ഇന്നിങ്‌സിന് സാക്ഷ്യം വഹിച്ചത്. കല്‍ക്കട്ടയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്റെ 279 നെതിരെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ തുടങ്ങിയത്. ശ്രീകാന്തും ലംബയും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ് പരസ്പരം മത്സരിച്ചാണ് മുന്നേറിയത്. രണ്ടു പേരും അര്‍ദ്ധ സെഞ്ചുറി നേടി. ഇന്ത്യ 20 ഓവറില്‍ 120/0 എന്ന മികച്ച സ്‌കോറിലും എത്തി(എന്നാല്‍ അടുത്തടുത്ത് അവര്‍ രണ്ടു പേരും പുറത്തായതോടെ തകര്‍ന്നു പോയ ഇന്ത്യ 202 നു ഓള്‍ ഔട്ട് ആയി). ആ വര്ഷം മൂന്നു അര്ധസെഞ്ചുറികള്‍ നേടിയെങ്കിലും തുടര്‍ച്ചയായ ലോ സ്‌കോറുകള്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കുന്നതില്‍ കലാശിച്ചു. 29 ആം വയസില്‍ ടീമില്‍ നിന്ന് പോയ ലാംബക്ക് പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചു വരവ് സാധ്യമായില്ല. ആകെ അദ്ദേഹത്തിന് കളിക്കാനായത് 32 ഏകദിനങ്ങളും ഒരേയൊരു ടെസ്റ്റും.
ലംബയുമായി ബന്ധപ്പെട്ട് ഒരു അപൂര്‍വ സംഭവം ഉണ്ട്. 1986 ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ ശ്രീകാന്തിന്റെ സബ്സ്റ്റിട്യൂട് ഫീല്‍ഡര്‍ ആയി ലാംബ ഗ്രൗണ്ടിലെത്തി. കുറച്ചു സമയത്തിനു ശേഷം ശ്രീകാന്ത് തിരിച്ചു ഗ്രൗണ്ടില്‍ എത്തിയെങ്കിലും അമ്പയറെയോ ലാംബയെയോ ക്യാപ്റ്റനെയോ ആരെയും ശ്രീകാന്ത് അക്കാര്യം അറിയിച്ചില്ല. ഇതറിയാതെ രവി ശാസ്ത്രി ഓരോവര്‍ ബൗള്‍ ചെയുകയാണ് ചെയ്തു. അതിനു ശേഷമാണ് ഇക്കാര്യം എല്ലാവരും നോട്ട് ചെയ്തതും ലാംബ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചു പോയതും. ഒരുപക്ഷെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഈ ഒരേയൊരു പ്രാവശ്യം ആയിരിക്കാം 12 പേരുമായി ഫീല്‍ഡിങ് ടീം കളിച്ചത്.
രഞ്ജി ട്രോഫിയില്‍ മികച്ച റെക്കോര്‍ഡ് ഉള്ള താരമാണ് രമണ്‍ ലംബ. 87 മത്സരങ്ങളില്‍ നിന്ന് 6000 ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട് അദ്ദേഹം. അതില്‍ 22 സെഞ്ചുറികളും 5 ഡബിള്‍ സെഞ്ചുറികളും ഉള്‍പ്പെടുന്നു. രഞ്ജിയില്‍ ഒന്നാം വിക്കറ്റിലെ ഉയര്‍ന്ന പര്‍ത്‌നെര്ഷിപ് റെക്കോര്‍ഡ് ഇപ്പോഴും ലംബയുടെയും രവി സെഗാളിന്റെയും പേരിലാണ്.1994 / 95 സീസണില്‍ ഡല്‍ഹിക്ക് വേണ്ടി ഹിമാചല്‍ പ്രദേശിനെതിരെ നേടിയ 464 റണ്‍സ്. ആ മത്സരത്തില്‍ അടിച്ച 312 ആണ് ലംബയുടെ ഉയര്‍ന്ന സ്‌കോര്‍. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനു വേണ്ടി മറ്റൊരു ട്രിപ്പിള്‍ സെഞ്ചുറിയും (320*) അദ്ദേഹം നേടിയിട്ടുണ്ട്.
1984 മുതല്‍ അയര്‍ലണ്ടിലെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ലാംബ കളിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനിടയിലും അയര്‍ലണ്ടില്‍ കളിയ്ക്കാന്‍ ലാംബ സമയം കണ്ടെത്തി. 1990 ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം അയര്‍ലന്‍ഡ് നാഷണല്‍ ടീമിലേക്ക് പോലും ലാംബ തിരഞ്ഞെടുക്കപ്പെട്ടു. അയര്‌ലന്ഡിന് വേണ്ടി ന്യൂസിലന്ഡിനെതിരായ അണ്‍ ഒഫീഷ്യല്‍ ഏകദിനത്തില്‍ ലാംബ കളിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് ആ മികവ് പുലര്‍ത്താന്‍ ലാംബയ്ക്ക് സാധിച്ചില്ല. ലംബയുടെ ഭാര്യ അയര്‍ലന്‍ഡ് കാരിയാണ്.
1990 ല്‍ ഒരു ഹൈദരാബാദ് ടീമിന്റെ ഭാഗമായി ബംഗ്ലാദേശില്‍ ഒരു ടൂര്‍ണമെന്റ് കളിയ്ക്കാന്‍ ലാംബ പോയിരുന്നു. ആ ടൂര്‍ണമെന്റില്‍ ഭൂട്ടാനിലെ ഒരു ടീമിനെതിരെ അദ്ദേഹം രണ്ടു സെഞ്ചുറികള്‍ നേടി. അത് ഒരു വഴിത്തിരിവാകുകയും അതിനു ശേഷം ലാംബ സ്ഥിരമായി ബംഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിരുന്നു. ബംഗ്ലാദേശില്‍ ഏറ്റവും പോപ്പുലര്‍ ആയിരുന്ന ഇന്ത്യന്‍ താരമായിരുന്നു ലാംബ. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും അന്നത്തെ കളിക്കാരുമായെല്ലാം വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ലാംബയ്ക്ക്.
1998 ഫെബ്രുവരി 20. ആ കറുത്ത ദിനം. സ്ഥലം ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയം. ധാക്ക പ്രീമിയര്‍ ലീഗിലെ അബഹാനി ക്രിര ചക്രയും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം. ബൗളിംഗ് ചേഞ്ച് ന്റെ ഭാഗമായി ലെഫ്റ്റ് ആം സ്പിന്നര്‍ സൈഫുള്ള ഖാനെ ബൗളിങ്ങിന് വിളിച്ച അബഹാനി ക്യാപ്റ്റന്‍ ഖാലിദ് മസൂദ് (എക്‌സ് ബംഗ്ലാദേശ് പ്ലയെര്‍) മൂന്നു പന്തുകള്‍ക്ക് ശേഷം രമണ്‍ ലംബയോട് ഫോര്‍വേഡ് ഷോര്‍ട് ലെഗില്‍ ഫീല്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഹെല്‍മെറ്റ് വേണോ എന്ന് മസൂദ് ലംബയോട് ചോദിച്ചതാണ്.
പക്ഷെ…… വിധിയെ തടുക്കാന്‍ ആകില്ലല്ലോ. ആ അഭിശപ്ത നിമിഷത്തില്‍, മൂന്നു പന്തുകള്‍ക്ക് വേണ്ടി ഹെല്‍മെറ്റ് വേണ്ടാ എന്ന മറുപടിയാണ് ലാംബയ്ക്ക് പറയാന്‍ തോന്നിയത്. സൈഫുള്ളയുടെ അടുത്ത പന്ത്. ഷോര്‍ട്ട് പിച്ചായിരുന്നു. ബാറ്റ്‌സ്മാന്‍ മെഹ്റാബ് ഹൊസൈന്റെ ശക്തിയേറിയ പുള്‍ ഷോട്ട് നേരെ പതിച്ചത് ലംബയുടെ നെറ്റിക്കും ചെവിക്കും ഇടയില്‍. തലയില്‍ തട്ടിയ പന്ത് ഉയര്‍ന്നു പൊങ്ങി വിക്കറ്റ് കീപ്പര്‍ പിന്നിലേക്കോടി ക്യാച്ചെടുത്തു. അത്രമാത്രം ശക്തിയേറിയ ഷോട്ട് ആയിരുന്നു അത്. വീണുപോയ ലാംബ എഴുന്നേറ്റെങ്കിലും അസ്വസ്ഥത തോന്നിയത് കൊണ്ട് ഡ്രസിങ് റൂമിലേക്ക് തിരിച്ചു പോയി. എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പ് തന്നെ അദ്ദേഹം അബോധാവസ്ഥയിലേക്ക് പോയിരുന്നു. ആ ഉറക്കത്തില്‍ നിന്നും പിന്നെ ഒരിക്കലും ലാംബ ഉണര്‍ന്നില്ല. ഫെബ്രുവരി 23 നു രമണ്‍ ലാംബ എന്ന ക്രിക്കറ്റെര്‍, 38 ആം വയസില്‍ അന്തരിച്ചു.
ബംഗ്ലാദേശിലെ മെഡിക്കല്‍ സൗകര്യം മെച്ചപ്പെട്ടതായിരുന്നെങ്കില്‍ ലംബയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഖാലിദ് മസൂദ് ഇന്നും വിശ്വസിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യയിലെയും, ഒരു പരിധി വരെ ബംഗ്ലാദേശിലെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നും ഒരു നൊമ്പരമാണ്, മായാത്ത ഒരു മുറിവാണ് രമണ്‍ ലാംബ.
രണ്ടു ഓപ്പണേഴ്‌സും ഒരേപോലെ ആക്രമിച്ചു കളിക്കുക എന്ന സ്ട്രാറ്റജി ക്രിക്കറ്റില്‍ ആദ്യമായി നടപ്പാക്കിയത് ശ്രീകാന്ത് – ലാംബ സഖ്യമാണ് എന്നൊരു വാദമുണ്ട്. അവരുടെ ശൈലിയാണ് ജയസൂര്യ – കലുവിതരണ സഖ്യം കടമെടുത്തത് എന്ന് കുറച്ചു പേരെങ്കിലും വിശ്വസിക്കുന്നു.
Leave a Reply