ഭക്തിയുടേയും ആധ്യാത്മികതയുടേയും നിറവിൽ രാമായണ മാസത്തിന് ഇന്ന് തുടക്കം. ഇനി ഒരു മാസം നീളുന്ന രാമജപം. രാമായണ മന്ത്രങ്ങൾ മുഴങ്ങുന്ന മനസ്സുമായി ഒരു മാസക്കാലം പ്രാർത്ഥനാ നിരതമാകുന്ന നിമിഷങ്ങൾ. കർക്കിടകമാസം രാമായണ മാസമായി ആഘോഷിക്കുകയാണ് ഓരോ ഹൈന്ദവ കുടുംബങ്ങളും.
കാര്‍മേഘക്കീറുകള്‍ക്കുപകരം ജ്വലിക്കുന്ന സൂര്യനെ നമ്മള്‍ നേരിടേണ്ടി വരുന്നത് കാലത്തിന്റെ മാറ്റം. കഴിഞ്ഞ കര്‍ക്കടകം കൊടുപ്രളയം കൊണ്ടുന്നെങ്കില്‍ ഈ കര്‍ക്കടകം വന്‍വരള്‍ച്ചയാണോ തരാന്‍പോകുന്നതെന്ന ഭയത്തിലാണ് മലയാളികള്‍. കാലക്കേടുകളെ അതിജീവിക്കാന്‍ മലയാളികൾ ആധ്യാത്മികപാതയിൽ കൂടുതൽ കഴിയുന്ന മാസം . വീടുകളിലും ക്ഷേത്രങ്ങളിലും ഇനി രാമായണശീലുകൾ നിറയും.
മിഥുനത്തിൽ തന്നെ കാറുംകോളും നിറഞ്ഞ ഇടവപ്പാതിക്കാലത്തായിരുന്നു കഴിഞ്ഞ കര്‍ക്കടത്തിന്റെ പിറവി. വരാന്‍ പോകുന്ന കൊടിയ ദുരന്തത്തിന്റെ സൂചനപോലെ. ആ കര്‍ക്കടകം മലയാളിയെ ജലം കൊണ്ടാണ് മുറിവേല്‍പ്പിച്ചതെങ്കില്‍ ഇക്കുറി കൊടിയ ചൂടുകൊണ്ട് മുറിവേല്‍പ്പിക്കുമോയെന്ന ആശങ്കയാണ് മുന്നില്‍.
കാറുംകോളും കെടുതികളും കൊണ്ടുവരും. അതിനെക്കാള്‍ ഭയനകമാകും മഴയില്ലായ്മയുടെ ദുരിതം. ചിലത് സ്വയം നേരിടാം . മറ്റുചിലതിന് കാലത്തിന്റെ പിന്തുണകൂടി വേണ്ടിവരും. കാലക്കേട് തീർക്കാൻ പ്രാർഥനതന്നെ ശരണം. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആധികളെ ശമിപ്പിക്കുന്നു.
ബോധവാതായനപ്പഴുതിലൂടെ പാറിവരുന്ന ശാരികപ്പൈതൽ വാഴ്വിന്റെ വാക്കാകുന്നു, ആത്മശക്തിയാകുന്നു പത്തിലത്തോരനിൽ പട്ടിണിമാറ്റാനുള്ള ശ്രമം കർക്കടകത്തിന്റെ ശീലവും ശൈലിയുമായി. മലയാളിയുടെ ആയുർവേദകാലം കൂടിയായി കർക്കകം മാറിയത് അങ്ങനെയാണ്. പെയ്യട്ടെ മഴ എന്ന് ആശിക്കാം. എങ്കിലേ കുളിച്ച് കോടിയുടുത്ത് വരുന്ന പൊന്നുംചിങ്ങപ്പുലരിയില്‍ മലയാളിക്ക് മനസ്സുനിറയെ ചിരിക്കാനാകൂ
Leave a Reply