ദോഹ: ദോഷകരമായ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉല്‍പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അമിതമായ അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഉത്തരവ് വരുന്നതുവരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുകയോ കടകളില്‍ വില്‍ക്കുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ ഖത്തര്‍ മാര്‍ക്കറ്റുകളിലെ പതഞ്ജലി ഉല്‍പന്നങ്ങള്‍ കമ്പനിക്ക് പിന്‍വലിക്കേണ്ടതായി വരും.
ഖത്തറിലെ വില്‍പ്പന ശാലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ പതഞ്ജലി ആയുര്‍വേദിക്ക് ഉല്‍പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയും അനുവദനീയമായതിലും കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയുമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ മരുന്നുകള്‍ ഖത്തര്‍ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരമില്ലെന്ന് ബോധ്യപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതും വില്‍ക്കുന്നതും രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഗുണനിലവാരമില്ലയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലിയുടെ ആറ് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാള്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പതഞ്ജലിയുടെ ആംല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം എന്നിവയാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിനോടൊപ്പം ബാക്ടോക്ലേവ് എന്ന ഒരു മരുന്നും നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Leave a Reply