മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പിലും ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. തോല്‍വി പഠിച്ച എ.െഎ.സി.സി പ്രതിനിധി സംഘവും ഈ ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന ചര്‍ച്ചകളും സജീവമായി. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഉമ്മന്‍ചാണ്ടി ഏതുപദവിയില്‍ വന്നാലും സന്തോഷമെന്ന് പ്രതിപക്ഷന്നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡിന്‍റെ ഏതുതീരുമാനവും താന്‍ അംഗീകരിക്കും. അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. എല്ലാകാര്യങ്ങളിലും ഹൈക്കമാന്‍ഡ് ഇടപെടല്‍ നല്ലതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നിന്ന് മാറി മല്‍സരിക്കുമെന്ന അഭ്യൂഹം ശരിയല്ലെന്നും ചെന്നിത്തല. എം.എല്‍.എമാര്‍ മണ്ഡലം മാറി മല്‍സരിക്കരുതെന്ന കെ.മുരളീധരന്റ ഒളിയമ്പിന് കൂടിയായിരുന്നു ഈ മറുപടി. മണ്ഡലം മാറാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹരിപ്പാടുനിന്നേ മല്‍സരിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തില്‍ മത സൗഹാര്‍ദം തകര്‍ക്കാന്‍ സിപിഎം ആസൂത്രിത ശ്രമം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. അതിന് മുസ്ലീം ലീഗിനെ ചെളിവാരിയെറിയുകയാണ്. കേരളസമൂഹത്തിന് ഇത് മാരകമായ പരുക്കുണ്ടാക്കുമെന്ന് സിപിഎം മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്‍റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ തെളിവാണെന്നും ഇത് മറച്ചുവച്ചാണ് യുഡിഎഫിനെതിരെ പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.