രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് പിന്നിലെ അശ്ലീല വീഡിയോയുടെ ഉറവിടം തേടുകയാണ് പോലീസ്. ചൊവ്വാഴ്ചയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന രമേഷ് ജാർക്കിഹോളിയും ഒരു യുവതിയും ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തുവന്നത്. പ്രബലനാണെങ്കിലും ലൈംഗിക പീഡന പരാതി ഉയർന്നതോടെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്നിരിക്കുകയാണ് രമേഷ് ജാർക്കിഹോളിക്ക്. എന്നാൽ, മന്ത്രിയെ കുടുക്കിയ ലൈംഗിക പീഡന പരാതിയിൽ പോലീസിന് കേസെടുക്കാനായിട്ടില്ല. പരാതിക്ക് അടിസ്ഥാനമായ അശ്ലീല വീഡിയോയിൽ ജാർക്കിഹോളിക്കൊപ്പമുള്ള യുവതിയെ കണ്ടെത്താനാകാത്തതാണ് കാരണം.

സംസ്ഥാനത്ത് വലിയ വിവാദമുയർത്തിയാണ് വീഡിയോ പുറത്തെത്തിയത്. തുടർന്ന് മന്ത്രി രാജിവെക്കുകയും ചെയ്തിട്ടും ലൈംഗിക ചൂഷണത്തിനിരയായ യുവതി ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്താതെ കേസ് രജിസ്റ്റർ ചെയ്താൽ കോടതിയിൽ നിലനിൽക്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകനായ ദിനേശ് കല്ലഹള്ളിയാണ് വിവാദമുയർത്തിയ അശ്ലീല വീഡിയോ മാധ്യമങ്ങൾക്കു നൽകിയതും കബൺപാർക്ക് പോലീസിൽ പരാതി നൽകുകയും ചെയ്തത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് രമേഷ് ജാർക്കിഹോളി യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ് രമേശ് കല്ലഹള്ളി നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. മന്ത്രിയെ കുടുക്കാൻ നടന്ന ഹണി ട്രാപ്പ് ആണോയെന്നും സംശയമുയരുന്നുണ്ട്. വീഡിയോയിൽ കാണുന്ന യുവതിയെ തനിക്കറിയില്ലെന്നാണ് ജാർക്കിഹോളിയുടെ നിലപാട്.

പരാതിയിൽ പക്ഷേ, യുവതിയാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തുടർന്ന് അന്വേഷണത്തിനായി യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ നൽകാൻ ദിനേശിനോട് വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, തനിക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ പോലീസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം രേഖാമൂലം അറിയിക്കുകയും ചെയ്തു.

പോലീസ് സുരക്ഷ നൽകിയാൽ മാർച്ച് ഒമ്പതിന് ഹാജരാകാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാർക്കിഹോളിക്കെതിരെ പരാതി നൽകിയതിനെത്തുടർന്ന് തനിക്ക് ഭീഷണി ഫോൺ സന്ദേശങ്ങൾ ലഭിച്ചതായി രമേശ് കല്ലഹള്ളി പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാമനഗർ പോലീസിൽ പരാതി നൽകി.

ഇതിനിടെ, വിവാദമുയർത്തിയ വീഡിയോ എഡിറ്റു ചെയ്യപ്പെട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വീഡിയോയുടെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്.