വൺ മാൻ ഷോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടംപിടിച്ച കലാകാരനാണ് രമേശ് പിഷാരടി. പിന്നീട് സിനിമയിൽ സംവിധായകനും നടനുമായും ടെലിവിഷനിൽ അവതാരകനായും മിമിക്രിക്കാരനായും തിളങ്ങുമ്പോഴും ഉരുളയ്ക്കുപ്പേരി പോലത്തെ മറുപടികളും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തമാശകളുമാണ് പിഷാരടിയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം സജീവമായ താരം തന്റെ ഫൊട്ടോയ്ക്ക് നൽകുന്ന അടിക്കുറിപ്പുകളും വളരെ വ്യത്യസ്‌തവും രസകരവുമാണ്.
അത്തരത്തിൽ ഏറ്റവും പുതിയതായി താരം ഫെയ്സ്ബുക്കിൽ പോസ്റ്റി ചെയ്തിരിക്കുന്ന ചിത്രവും അതോടൊപ്പമുള്ള കുറിപ്പും ആരാധകർ ഏറ്റെടുത്തു. ദേശീയ അവർഡ് വരെ നേടിയ നടൻ സലീം കുമാറിനൊപ്പമുള്ള ഫൊട്ടോയ്ക്ക് ആരോ ചെയ്ത ട്രോളാണ് പോസ്റ്റ്. സലീം കുമാറിന്റെ ട്രൂപ്പിലൂടെയാണ് രമേശ് പിഷാരടി ഹാസ്യരംഗത്ത് ചുവടുറപ്പിക്കുന്നത്. സലീം കുമാറിനൊപ്പം നടത്തിയ സ്റ്റേജ് ഷോയിലെ ചിത്രത്തിനൊപ്പമുള്ള വാചകം ഇങ്ങനെ” സകല വിദ്യകളും പഠിപ്പിച്ചത് ഒരു സകലകലാ വല്ലഭൻ ആകുമ്പോൾ, ഓൾ റൗണ്ടർ അവാർഡ് ഇങ്ങേരുടെ കയ്യിൻ ഇരുന്നില്ലേൽ ആയിരുന്നു അത്ഭുതം.”
‘ട്രോൾ ഇഷ്ടപ്പെട്ട രമേശ് അത് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യാൻ താമസിച്ചില്ല. “അയച്ചു കിട്ടിയ ഈ ട്രോൾ പോസ്റ്റ് ചെയ്‌ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു…..ആശാൻ ആശാൻ..” എന്നായിരുന്നു ട്രോളിനൊപ്പം രമേശ് നൽകിയ വാചകം. എന്നാൽ ഇതിന് മറുപടിയുമായി സലീം കുമാർ തന്നെയെത്തി. മായാവി എന്ന ചിത്രത്തിലെ തന്റെ തന്നെ ഡയലോഗാണ് താരം രമേശ് പിഷാരടിക്ക് മറുപടിയായി നൽകിയത്.
“അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്… അതും ഫേസ്ബൂക്കിന്റെ നടയിൽ വെച്ച്. ഞാൻ ഫസ്റ്റിലെ പറഞ്ഞതാണ്… കൈയബദ്ധം ഒന്നും കാണിക്കരുത്… നാറ്റിക്കരുതെന്ന്.. !”
മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
Leave a Reply