രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴും പിന്നീട് ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുമ്പോഴും ജനങ്ങൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയാണ്. അന്യഭാഷ ചിത്രത്തിനു വേണ്ടിയുള്ള മത്സരത്തിന്റെ തിരക്കിൽ നിൽക്കുന്നവർക്കിടയിൽ നിന്ന് ഈ സിനിമയെ സ്വീകരിക്കാനെത്തിയത് വളരെ കുറച്ച് തീയറ്ററുകളായിരുന്നു. എന്നാൽ അവിടങ്ങളിലും ഇപ്പോൾ പ്രശ്നമാണ്. സിനിമയുടെ ശബ്ദം ശരിയല്ല എന്നാണു കാരണം പറയുന്നത്. കേരളത്തിൽ വളരെ പണ്ടുനിർമിക്കപ്പെട്ടിട്ടുള്ള ചില തിയറ്ററുകളിലാണ് സിനിമയുടെ ശബ്ദത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണ്.
സംവിധായകൻ രഞ്ജൻ പ്രമോദ് സംസാരിക്കുന്നു……………..
റിലീസ് ചെയ്തതു തന്നെ കഷ്ടപ്പെട്ട്..എന്റെ സിനിമയ്ക്ക് വൈഡ് റീലീസ് മാത്രമാണു സാധിച്ചത്. അതായത് നല്ല തീയറ്ററുകൾ തിരഞ്ഞുപിടിച്ച് സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നതാണ് കാര്യം. ആഗോളവൽക്കരണത്തിന്റെ കാലത്ത് ഏതൊരു പ്രാദേശിക സിനിമയും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് അതിനു കാരണം. കിട്ടിയ തീയറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. മികച്ച തീയറ്റർ നോക്കി വൻകിട അന്യഭാഷ ചിത്രങ്ങൾ വൻ തുക നൽകി തീയറ്ററുകൾ പിടിച്ചെടുക്കുമ്പോൾ ഇതുപോലുള്ള ചെറിയ ചിത്രങ്ങൾക്ക് തീയറ്റർ ലഭിക്കാറില്ല. ബാഹുബലി വരുമ്പോൾ മാറിക്കൊടുക്കണം എന്നു സമ്മതിച്ചതു കൊണ്ടാണ് ചില തീയറ്ററുകൾ സമ്മതിച്ചതു തന്നെ. അവിടങ്ങളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
തീയറ്ററുകാർ പറയുന്നത് തെറ്റ്…
സിനിമ ഷൂട്ട് ചെയ്യുമ്പോൾ തന്നെ ശബ്ദവും റെക്കോർഡ് ചെയ്യുന്ന രീതിയാണ് രക്ഷാധികാരി ബൈജുവിൽ ഉപയോഗിച്ചത്. സിങ്ക് സൗണ്ട് റെക്കോർഡിങ് എന്നാണ് പറയുന്നത്. നല്ല സൗണ്ട് സിസ്റ്റം ഇല്ലാത്ത തീയറ്ററിൽ അല്ലെങ്കിൽ നല്ല സംവിധാനം ഉണ്ടായിട്ടും അതു വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ ശബ്ദം വ്യക്തമായി നമുക്ക് കേൾക്കാനാകില്ല. കോഴിക്കോട് കൊറോണേഷൻ തീയറ്ററിൽ അതിന്റെ മാനേജർ എഴുതി വച്ചിരിക്കുന്നത് സിങ്ക് സൗണ്ട് സിസ്റ്റ് ആയതിനാല്‍ ചിത്രത്തിന്റെ ശബ്ദത്തിനു നിലവാരം ഇല്ലെന്നും കേൾക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുമാണ്. തീർത്തും തെറ്റാണത്. തീയറ്ററിന്റെ ഭാഗത്തെ പ്രശ്നമാണ് അത്. അവർ അത് തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.
ഇതേ ചിത്രം അതേ നഗരത്തിലെ മറ്റൊരു തീയറ്ററിൽ അതിമനോഹരമായി ആസ്വദിക്കാനായി. ഒരു മൈതാനത്തിന്റെ നടുക്കിരിക്കുന്ന പോലെ സിനിമ കാണാന്‍ പറ്റിയെന്നായിരുന്നു ആളുകള്‍ എന്നോടു പറഞ്ഞത്. അങ്ങനെ തന്നെയാണ് ആ ചിത്രം ആസ്വദിക്കേണ്ടത്. ആ രീതിയിലാണു ഞങ്ങൾ സിനിമ എടുത്തിരിക്കുന്നതു തന്നെ.
പ്രൊജക്ടർ ഓപ്പറേറ്റർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നം
സൗണ്ട് പ്രൊജക്ഷനും കെട്ടിടവും മാത്രം നവീകരിച്ച എറണാകുളം സരിതയിൽ ആദ്യ ഷോ കാണുമ്പോൾ എനിക്കു സങ്കടം വന്നു. പിക്ചറിനും സൗണ്ടിനും ക്വാളിറ്റിയില്ലെന്നാണ് എനിക്കു തോന്നിയത്. പക്ഷേ രണ്ടാമത്തെ ഷോയിൽ അത് മികച്ചതായി. അവിടത്തെ ഓപ്പറേറ്റർ സിനിമയ്ക്കു ചേരുന്ന പോലെ സൗണ്ടും ലൈറ്റുമൊക്കെ അഡ്ജസ്റ്റ് ചെയ്താണ് കാണിച്ചത്.
സിനിമയോടു സ്നേഹമുള്ള ഒരു പ്രൊജക്ടർ ഓപ്പേററ്റർക്കു ചെയ്യാവുന്നതേയുള്ളൂ സൗണ്ട് അഡ്ജസ്റ്റ്മെന്റ്. തീയറ്ററിന്റെ ഹോളിന് എത്ര വലിപ്പമുണ്ടോ ആ വലിപ്പത്തിന് അനുസരിച്ചു ഔട്ട്പുട്ട് വോളിയം അഡ്ജസ്റ്റ് ചെയ്തു വയ്ക്കണം. അതായത് ചെറിയ തീയറ്ററായാലും വലുതായാലും പ്രൊജക്ടർ ഓപ്പറേറ്റർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
എറണാകുളത്തെ ഒരു മൾടിപ്ലക്സ് തിയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ ചിത്രം തലേദിവസം അവിടെ കണ്ട ബിജു മേനോൻ പറഞ്ഞിരുന്നു സൗണ്ട് മോശമാണ് എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന്. അതുകൊണ്ട് അന്ന് ഞാൻ അവിടത്തെ ഓപ്പറേറ്ററുമായി സംസാരിക്കാനെത്തിയത്. കാരണം അപ്പുറത്തെ സ്ക്രീനിൽ ഓടുന്ന സഖാവിന്റെ സൗണ്ട് ഇപ്പുറത്ത് കേൾക്കാവുന്ന വിധത്തിലായിരുന്നു. എന്റെ സിനിമയുടെ സൗണ്ട് കേൾക്കാനേ കഴിയില്ലായിരുന്നു. പ്രൊജക്ട് ഓപ്പറേറ്ററുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സഖാവിന്റേയും രക്ഷാധികാരി ബൈജുവിന്റേയും സൗണ്ടിന്റെ ഔട്ട്പുട്ട് ലെവൽ ഒരേപോലെയാക്കി വച്ചിരിക്കുകയാണെന്നാണ്.
ഇതേ തീയറ്ററിൽ മറ്റൊരു സ്ക്രീനിൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഓടുന്നുണ്ടായിരുന്നു. അതിന് എത്രയാണ് സൗണ്ട് ലെവൽ എന്നു ചോദിച്ചപ്പോൾ അഞ്ച് ആണെന്ന് പറഞ്ഞു. മുന്നിൽ കേൾക്കുന്ന ശബ്ദം, അകലെ നിന്നുള്ളത്, പിന്നിൽ നിന്നുള്ളത്, അടുത്ത് നിന്നുള്ളത്, ഇടതുഭാഗത്ത് നിന്നുള്ളത് പിറകിൽ നിന്നുള്ളത് ചെവിയ്ക്ക് അരികെ നിന്ന് നിശബ്ദത എന്നിവയൊക്കെ വ്യക്തമായി കേൾക്കുവാൻ പാകത്തിലൊരു ത്രീ ഡൈമെന്‍ഷണൽ സിസ്റ്റത്തിലാണ് ഇംഗ്ലിഷ് സിനിമകളിൽ സൗണ്ട് ക്രമീകരിച്ചിരിക്കുന്നത്.
അതുകൊണ്ട് ചിത്രം നല്ല തീയറ്ററിൽ നല്ല സൗണ്ട് സിസ്റ്റമാണെങ്കില്‍ സൗണ്ട് ലെവൽ അഞ്ചിൽ വച്ച് കാണുവാൻ സാധിക്കും. അങ്ങനെ ഞാൻ അദ്ദേഹത്തോടു പറഞ്ഞ് സൗണ്ട് ലെവൽ അഞ്ച് ആക്കി മാറ്റി. എനിക്ക് വളരെ സംതൃപ്തിയോടെ എന്റെ ചിത്രം കാണാനും സാധിച്ചു. നല്ല ഒരു ഇന്റർനാഷണൽ ചിത്രത്തിന്റെ അതേ നിലവാരത്തിലുള്ള സൗണ്ട് മിക്സിങാണ് രക്ഷാധികാരി ബൈജുവിനും നല്‍കിയത്. അതുകൊണ്ട് അതേ നിലവാരത്തിൽ വേണം തീയറ്ററുകളിൽ പ്രൊജക്ടർ ഓപ്പറേറ്റർമാർ എന്റെ ചിത്രത്തിനുള്ള ഔട്ട്പുട്ട് സൗണ്ട് ക്രമീകരിക്കുവാന്‍.
സിനിമയ്ക്ക് ഒരു മൂഡ് ഉണ്ട്. ആ തലത്തിലേക്കു ഓരോ പ്രേക്ഷകനും ഇറങ്ങിവന്ന് സിനിമയെ അനുഭവിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് സൗണ്ട് മിക്സിങിന് അത്രയേറെ വലിയ ഒരുക്കം നടത്തിയത്. കഥാപാത്രങ്ങൾ ചെവിയിൽ പറയുന്നത് മുറുമുറുക്കന്നത് എന്നിവയൊക്കെ ശ്രദ്ധിച്ചിരുന്നാലേ കേൾക്കാനാകൂ. ജാഗരൂകരായിരുന്നു ആസ്വദിച്ചു വേണം സിനിമ കാണാൻ. അതിനു നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്റർ തന്നെ വേണം. അറുപത് രൂപ ടിക്കറ്റെടുത്ത് 150 രൂപ ടിക്കറ്റിന്റെ നിലവാരത്തിലുള്ള സിനിമ കാണണമെന്ന് വാശിപിടിക്കരുത്. ലോകത്ത് ഒരിടത്തും അങ്ങനെ സാധിക്കില്ല.
ഒരു വലിയ മുറിയുടെ ഇങ്ങേയറ്റത്ത് ഇരിയ്ക്കുന്ന ആളിനും സിനിമയിലെ ശബ്ദത്തെ ശബ്ദത്തെ വ്യക്തമായി തിരിച്ചറിയും വിധമാണ് സൗണ്ട് ക്രമീകരിക്കേണ്ടത്. കോഴിക്കോട് കോർണേഷൻ തീയറ്റർ ഒരു വലിയ തീയറ്ററാണ്. അവിടെ സൗണ്ട് ക്രമീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് മിക്സിങ് സ്റ്റുഡിയോയിലാണ് എന്റെ ചിത്രത്തിന്റെ സൗണ്ട് മിക്സിങും നടത്തിയത്. സിനിമയുടെ ശബ്ദത്തെ കുറിച്ച് അത്രയേറെ ആശങ്കയോടെ അവിടെയെത്തിയ എനിക്കു മനസു നിറഞ്ഞ് ചിരിച്ച് തിരികെ പോകാനായി. പ്രമോദ് തോമസ് എന്ന സൗണ്ട് മിക്സിങ് വിദഗ്ധന്റെ കൈകളിലേക്കാണു സിനിമയെത്തിച്ചത്. ചെയ്ത സിനിമകളിൽ മിക്കതിനും ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ നേടിയിട്ടുള്ളൊരാളാണ് അദ്ദേഹം.
അനുരാഗ് കശ്യപിന്റെ ദേവ് ഡി, രജനീകാന്തിന്റെ യന്തിരന്‍ തുടങ്ങിയ ചിത്രങ്ങൾക്ക് സൗണ്ട് മിക്സ് ചെയ്ത ആളാണ്. മന്ത്രയുടെ ഉടമയും എവിഎം സ്റ്റുഡിയോയിലെ സീനിയർ എഞ്ചിനീയറുമായ അങ്ങനെയുള്ളൊരാൾ ചെയ്ത മഹത്തായ ഒരു സൃഷ്ടിയെയാണ് മോശം എന്ന് ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്നത്. നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്ററിൽ ഒരു ഇംഗ്ലിഷ് ചിത്രത്തിന് എങ്ങനെയാണോ സൗണ്ട് ക്രമീകരിക്കുന്നത് ആ വിധത്തിൽ വേണം എന്റെ ചിത്രത്തിനും പ്രൊജക്ടർ ഓപ്പറേറ്റർമാർ ചെയ്യേണ്ടത്.
പലയിടത്തു നിന്നും സിനിമയുടെ ശബ്ദത്തെ കുറിച്ച് പരാതി വരുന്നുണ്ട്. എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങൾ ഞങ്ങളോടു പറയൂ…എന്നെയോ പ്രൊഡക്ഷനിലെ ആരുടെയടുത്തെങ്കിലുമോ പറയൂ. എങ്ങനെയാണ് സൗണ്ട് ക്രമീകരിക്കേണ്ടതെന്ന് ഞങ്ങൾ പ്രൊജക്ടർ ഓപ്പറേറ്ററോടു പറയാം. ഡോൾബിയുടെ ഒറിജിനൽ സൗണ്ട് സിസ്റ്റമല്ല പലയിടത്തും ഉപയോഗിക്കുന്നത്. ഓരോ തീയറ്ററിലും പരമാവധി ഔട്ട്പുട്ട് സൗണ്ട് 6 വരെയാകാം. അതിൽ കൂടരുത്. 5,5.25,5.5,5.75 എന്നീ പോയിന്റുകളൊക്കെ പരീക്ഷിക്കാം.
ഒരുപാട് ശ്രമകരമായി എടുത്ത സൃഷ്ടിയെ ഈ വിധത്തിൽ കാണരുത്. സാങ്കേതിക മികവിൽ വിപ്ലവം തീർക്കുന്ന സിനിമകളാണു വരാനിരിക്കുന്നത്. അതിനെ തുറന്ന മനസോടെ കാണണം. നല്ല ചിന്താഗതിയോടെ അതിനെ സ്വീകരിക്കാം.
ചെന്നൈ ഉൾപ്പെടെ സിനിമ പ്രദർശിപ്പിച്ച തീയറ്ററുകളിലെല്ലാം ആളുകൾ എഴുന്നേറ്റു നിന്നാണ് കയ്യടിച്ചത്. അത് വല്ലാത്തൊരു ഊർജമാണ്. നിങ്ങൾ സിനിമ ഇഷ്ടപ്പെടുന്നുവെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിക്കണം. നിങ്ങളുടെ ഇഷ്ടം ആവോളം പ്രകടിപ്പിക്കണം. ആസ്വദിച്ചുവെന്നു പറയാൻ ഇഷ്ടപ്പെട്ടുവെന്നത് പ്രകടിപ്പിക്കാൻ മടി കാണിക്കരുത്. അതിനോളം ഊർജം ഒരു കലാകാരനും കൊടുക്കാൻ മറ്റൊന്നിനും സാധിക്കില്ല. ഒരാൾ മരിച്ചു കഴിഞ്ഞിട്ട് സ്നേഹം പറഞ്ഞിട്ടോ കാണിച്ചിട്ടോ കാര്യമുണ്ടോ അതുപോലെ തന്നെയാണിതും…
Leave a Reply