കാമുകന്‍ ഉപേക്ഷിച്ചതിന്റെ വിഷമത്തില്‍ റാന്നി വലിയപാലത്തില്‍നിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ പോലീസ് തന്ത്രപരമായി രക്ഷിച്ചു. വാട്സാപ്പ് കോളിലൂടെ ഇവരുമായി 15 മിനിറ്റോളം സംസാരിച്ച് പോലീസ് അതിവേഗം പാലത്തിലെത്തുകയായിരുന്നു. പോലീസ് ജീപ്പ് കണ്ട് നദിയിലേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെ സി.പി.ഒ.മാരായ എല്‍.ടി.ലിജു, അഞ്ജന, ജോണ്ടി എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ നഖംകൊണ്ട് ലിജുവിന് നിസ്സാരപരിക്കേറ്റു.

ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരിക്കാരിയായ 22-കാരിയാണ് നദിയില്‍ ചാടാന്‍ ശ്രമിച്ചത്. റാന്നി സ്വദേശിയുമായി ഇവര്‍ നാലുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇപ്പോള്‍ മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നറിഞ്ഞാണ് യുവതി റാന്നിയിലെത്തിയത്.

പാലത്തിനരികിലെത്തി ചാടാന്‍ ഒരുങ്ങുകയാണെന്നറിയിച്ച് ഇവര്‍ കാമുകന് സന്ദേശവും പാലത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രവും അയച്ചു. അവര്‍ അതുടനെ പോലീസിന് കൈമാറി. സ്റ്റേഷനില്‍ ഫോണ്‍ എടുത്ത സി.പി.ഒ. ലിജു മറ്റ് രണ്ടുപേര്‍ക്കുമൊപ്പം പാലത്തിലെത്തി. അവിടെ യുവതിയെ കാണാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. തുടര്‍ച്ചയായി ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫോട്ടോയില്‍ യുവതി നില്‍ക്കുന്ന സ്ഥലം ഐത്തലയാണെന്ന നിഗമനത്തില്‍ പോലീസ് അവിടേക്ക് നീങ്ങിയിരുന്നു. എന്നാല്‍, വലിയ പാലത്തിലാണ് നില്‍ക്കുന്നതെന്ന് യുവതി പറഞ്ഞതോടെ ഉടന്‍ ജീപ്പ് അതിവേഗം ഓടിച്ച് പാലത്തിലെത്തി. ഈ സമയവും ഫോണ്‍ കട്ട് ചെയ്യാതെ സംസാരിക്കുകയായിരുന്നു. പോലീസ് ജീപ്പ് കണ്ടതും യുവതി കൈവരിയുടെ മുകളില്‍ക്കയറി ചാടാന്‍ശ്രമിച്ചു. ഈ സമയം, ലിജു ജീപ്പില്‍നിന്ന് ചാടിയിറങ്ങി ഇവരെ ബലമായി പിടിച്ചു. അഞ്ജനയും ജോണ്ടിയും ഓടിയെത്തി. മൂവരും ചേര്‍ന്ന് കുതറി വെള്ളത്തിലേക്ക് ചാടാന്‍ശ്രമിച്ച യുവതിയെ ബലമായി ജീപ്പില്‍ കയറ്റി. പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കില്‍ ഇവര്‍ നദിയിലേക്ക് ചാടുമായിരുന്നു.

യുവതിയെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് പോലീസ് ടീം. വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ അവര്‍ക്കൊപ്പമയച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാനും കാമുകനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനും പോലീസ് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.