ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രവിദേശകാര്യ വകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇക്കാര്യം ഇന്റര്‍പോള്‍ വഴിയായിരിക്കും യുഎഇ സര്‍ക്കാരിനെ അറിയിക്കുക. വിജയ് മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പുതിയ നടപടി.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞ ശേഷം മാത്രം കേരളത്തില്‍ തിരിച്ചുവരാനാണ് വിജയ് ബാബുവിന്‍റെ നീക്കം.കഴിഞ്ഞ മാസം 22നാണ് വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി.

ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ പരാതിക്ക് പിന്നാലെ മറ്റ് സ്ത്രീകളും വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.