കോട്ടയം: കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണവുമായി കന്യാസ്ത്രീ. കുറുവിലങ്ങാട് പോലീസ് സ്റ്റേഷനിലാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. 2014 ല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് പീഢിപ്പിച്ചിരുന്നുവെന്നും തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. 13 തവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കന്യസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ബിഷപ്പും രംഗത്ത് വന്നു. സ്ഥലം മാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ കന്യാസ്ത്രീ തന്നെ ഭീഷണിപ്പെടുത്തുന്നതായി ബിഷപ്പ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കന്യാസ്ത്രീ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ബിഷപ്പ് പോലീസിനെ സമീപിച്ചിരുന്നു. ബിഷപ്പ് നല്‍കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബിലായിരുന്ന ബിഷപ്പ് 2014ല്‍ കേരളത്തിലേക്ക് മടങ്ങി വന്ന സമയത്ത് ഗസ്റ്റ് ഹൗസില്‍ വെച്ച് പീഢിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. പീഢനം രണ്ടു വര്‍ഷത്തോളം തുടര്‍ന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു. വൈക്കം പോലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ സഭയുടെ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല.
എന്നാല്‍ കോട്ടയം കുറവിലങ്ങാട് മഠത്തില്‍ നിന്ന് കന്യാസ്ത്രീയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതാണ് ഇവര്‍ക്ക് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്ന് ബിഷപ്പ് ആരോപിക്കുന്നു. തുടര്‍ന്നാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന ഭീഷണിയുമായി ഇവര്‍ രംഗത്ത് വന്നതെന്നും ബിഷപ്പ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
Leave a Reply