മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയ ഭീമൻ മത്സ്യം കൊമ്പൻ സ്രാവാണെന്നു തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികളായ മത്സ്യബന്ധന തൊഴിലാളികൾ കൂറ്റൻ മത്സ്യവുമായെത്തിയത്. 15 അടി നീളവും 700 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു മീനിന്.
സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.
ശനിയാഴ്ച വൈകിട്ടു വിരിച്ച മത്സ്യബന്ധന വലയിൽ കുടുങ്ങിയതായിരുന്നു മത്സ്യം. മുനീർ മുജ്വാറെന്ന മത്സ്യബന്ധനത്തൊഴിലാളിയുടെ വലയിലാണ് കൊമ്പൻ സ്രാവ് കുരുങ്ങിയത്. സാധാരണ വലയിൽ കുരുങ്ങിയാൽ ഇത്തരം മത്സ്യങ്ങൾ വലയറുത്തു പുറത്തു പോവുകയാണ് പതിവ്. എന്നാൽ ഈ മത്സ്യത്തിനു രക്ഷപെടാനായില്ല. എന്തായാലും മത്സ്യവിപണിയിൽ 1.5 ലക്ഷം രൂപയ്ക്കാണ് കൊമ്പൻ സ്രാവ് വിറ്റുപോയത്