ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രശസ്തമായ ഷേക്‌സ്‌പിയറിൻെറ പ്രണയകവിതകളിൽ ഒന്നിന്റെ നൂറു വർഷം പഴക്കമുള്ള അപൂർവമായ കൈയെഴുത്തുപ്രതി കണ്ടെത്തി. പതിനേഴാം നൂറ്റാണ്ടിലെ ഒരു കവിതാസമാഹാരത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന വില്യം ഷേക്സ്പിയറിന്റെ സോണറ്റ് 116 ന്റെ പതിപ്പ് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നാണ് ഡോ. ലിയ വെറോണീസ് കണ്ടെത്തിയത്. ഓക്‌സ്‌ഫോർഡിലെ ആഷ്‌മോളിയൻ മ്യൂസിയത്തിന്റെ സ്ഥാപകനായ ഏലിയാസ് ആഷ്‌മോളിന്റെ പ്രബന്ധങ്ങൾക്കിടയിൽ നിന്നാണ് ഈ കൈയെഴുത്തുപ്രതി കണ്ടെത്തിയത്.
ഷേക്സ്പിയറിന്റെ മരണശേഷമുള്ള ദശകങ്ങളിൽ അദ്ദേഹത്തിൻെറ ജനപ്രീതി മനസ്സിലാക്കാൻ ജനപ്രീതി മനസ്സിലാക്കാൻ ഈ കണ്ടെത്തൽ ഗവേഷകരെ സഹായിക്കുമെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ എമ്മ സ്മിത്ത് പറഞ്ഞു. ബോഡ്‌ലിയൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത എഴുത്തുകാരുടെ തിരഞ്ഞെടുത്ത പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു തരം കൈയെഴുത്തുപ്രതിയിൽ നിന്നാണ് സോണറ്റ് കണ്ടെത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിൽ സമാഹരിച്ച കാറ്റലോഗിൽ, ഷേക്സ്പിയറെ പരാമർശിക്കാതെ, “കൺസിസ്റ്റൻസി ഓൺ ലവ്” എന്ന് മാത്രം കവിതയെ വിശേഷിപ്പിക്കുകയായിരുന്നു.
ആദ്യ വരിയിൽ മാറ്റം വരുത്തിയതും ഷേക്സ്പിയറുടെ പേര് ഇല്ലാത്തതുമാണ് സോണറ്റ് 116 ന്റെ ഒരു പതിപ്പായി കവിത ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോയതിന് കാരണമെന്ന് ഡോ. വെറോണീസ് അഭിപ്രായപ്പെട്ടു. രാജകീയവാദികളും പാർലമെന്റേറിയൻമാരും തമ്മിലുള്ള ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലഘട്ടമായ 1640-കളിലെ രാഷ്ട്രീയ പ്രാധാന്യമുള്ള കൃതികൾക്കൊപ്പമാണ് സോണറ്റിനെ കണ്ടെത്തിയത്.
Leave a Reply