മലയാളികളുടെ പൊങ്കാലയ്ക്ക് പിന്നാലെ എടുത്തുകളഞ്ഞ അര്‍ണബ് ഗോസ്വാമിയുടെ ഫെയ്സ്ബുക്ക് പേജിന്റെ റിവ്യു റിവ്യു ഓപ്ഷന്‍ വീണ്ടും തിരികെ വന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമ പിന്തുണ കൊടുക്കുന്ന റിപബ്ലിക്ക് ചാനലിനെതിരെ മലയാളികള്‍ പണികൊടുത്തിരുന്നു. സത്യസന്ധമായ റിവ്യുകള്‍ ഇട്ട മലയാളികള്‍ ചാനലിന്റെ നിലവാരം പൂജ്യത്തില്‍ താഴെ ആണെങ്കിലും അത് നല്‍കാനുളള ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ ഒരു സ്റ്റാര്‍ മാത്രമാണ് നല്‍കുന്നതെന്ന് അറിയിച്ചു.
കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന്റെ റേറ്റിംഗ് നാലിന് മുകളിലാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇത് കുത്തനെ 2.2ലേക്ക് താണതോടെ ചാനല്‍ ഫെയ്സ്ബുക്കില്‍ നിന്നും റിവ്യു ഓപ്ഷന്‍ ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ചാനലിനെ രക്ഷിക്കാനും ചിലർ രംഗത്തെത്തി. ഇവര്‍ വ്യാപകമായാണ് ചാനലിന് അഞ്ച് റേറ്റിംഗ് നല്‍കിയത്. എന്നാല്‍ ഒറ്റക്കെട്ടായി മലയാളികള്‍ നിന്നതോടെ ഇവരുടെ ശ്രമം വിഫലമായി.
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തെ ദേശീയതലത്തില്‍ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് മലയാളികളെ ചൊടിപ്പിച്ചത്. ഫേസ്ബുക്കില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ തിരിച്ചടിച്ചത്. ഇതോടെയാണ് ഓപ്ഷന്‍ ഒളിപ്പിച്ച് അര്‍ണബ് രക്ഷപ്പെട്ടത്. വീണ്ടും ചാലനിനെതിരെ ഫെയ്സ്ബുക്കില്‍ പൊങ്കാല തുടങ്ങിയതോടെയാണ് വീണ്ടും ഓപ്ഷന്‍ തിരികെ എത്തിയത്.
നേരത്തേ ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോട് റിപ്പബ്ലിക്ക് ചാനല്‍ ടീമിനെ ശശി തരൂര്‍ ഉപമിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുന്‍പ് ‘തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.’ എന്ന് തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞിരുന്നു.
അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. റേറ്റിംഗിനൊപ്പം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും ഫേസ്ബുക്ക് പേജില്‍ കാണാം. ഇതിന് പുറമെ ചാനലിന്റെ ഗൂഗിള്‍ പേജിലും ചാനലിന്റെ നിലവാരം താണതാണെന്ന് കാണിച്ച് റിവ്യൂകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
Leave a Reply