അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വച്ച് പൂജാരി അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. പലസംസ്ഥാനങ്ങളിലായി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്തതിനും രവി പൂജാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നാലുമാസം മുൻപാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് പൂജാരിയെ കുടുക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസും ഇയാളുടെ പിന്നാലെയായിരുന്നു. അടുത്തിടെ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ അന്വേഷണം എത്തിച്ചേർന്നതും പൂജാരിയിലായിരുന്നു.പ്രമുഖ സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഭീഷണിപ്പെട്ടുത്തി പണം തട്ടിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.
ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജപേരിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.
Leave a Reply