യുകെയിലെ ഡോര്‍സെറ്റ് കൗണ്ടിയിലെ പൂളില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച റെയസ് റോബിന്‍സ് എന്ന ഒന്‍പതു വയസുകാരന്റെ സംസ്‌കാരം നാളെ ശനിയാഴ്ച പൂളില്‍ നടക്കും. രാവിലെ 11 മണിക്ക് പൂളിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ ആണ് ശുശ്രൂഷകള്‍ ആരംഭിക്കുക. സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാവും. പൂള്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. കാനോന്‍ ജോണ്‍ വെബ്, കിന്‍സണ്‍ ക്രൈസ്റ്റ് കിംഗ് ഇടവക വികാരിയും സീറോ മലബാര്‍ ചാപ്ലയിനുമായ ഫാ: ചാക്കോ പനത്തറ എന്നിവര്‍ സഹകാര്‍മ്മികരാവും. ദിവ്യബലിക്കു ശേഷം ഭൗതിക ശരീരം ദര്‍ശിക്കുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പൂള്‍ സെമിത്തേരിയില്‍ റെയ്‌സിന് അന്ത്യവിശ്രമമൊരുക്കും.

ബന്ധുക്കളും, സ്‌നേഹിതരും റെയസിനോടുള്ള സ്‌നേഹാദരവുകള്‍ പൂക്കള്‍ക്കു പകരം റെയ്‌സ് റോബിന്‍സിന്റെ വേര്‍പാടില്‍ കുടുംബത്തിനൊപ്പം നിന്ന് സഹായമൊരുക്കിയ പ്രശസ്‌തമായ ജീവകാരുണ്യ സംഘടനയായ പൂളിലെ ജൂലിയാസ് ഹൗസ് ചില്‍ഡ്രന്‍ ഹോസ്‌പൈസിനു (Julia’s House Children Hospice) വേണ്ടിയുളള സംഭാവനകളായി നല്‍കണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന. Julia’s House Charity Box പള്ളിയില്‍ ലഭ്യമായിരിക്കും. നാട്ടിലും വിദേശത്തുമുള്ള ബന്ധുമിത്രാദികള്‍ക്കായി സംസ്‌കാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ഞായറഴ്ച (10/03/2019)  പുലര്‍ച്ചെ രണ്ടു മണിക്ക് സതാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആയിരുന്നു റെയസ് മരണത്തിനു കീഴടങ്ങിയത്. പൂള്‍ സെന്റ് മേരീസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വച്ച് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും സതാംപ്റ്റണ്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കോട്ടയം കല്ലറ പഴുക്കായില്‍ റോബിന്‍സ് സ്മിതാ ദമ്പതികളുടെ മൂത്ത മകനാണ് റെയസ്. പൂളിലെയും ബോണ്‍മൗത്തിലെയും മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ റോബിന്‍സിന്റെയും സ്മിതയുടെയും തീരാദുഖത്തില്‍ പങ്കുചേര്‍ന്നും ആശ്വസിപ്പിച്ചുകൊണ്ടും മലയാളി സമൂഹം ഇവര്‍ക്കൊപ്പം തന്നെയുണ്ട്. റൊക്സാന്‍ (7), റഫാല്‍ (3) എന്നിവര്‍ ആണ് സഹോദരങ്ങള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയുടെ വിലാസം
ST MARYS CHURCH, 211a Wimborne Road, Poole, BH15 2EG

സെമിത്തേരിയുടെ വിലാസം
POOLE CEMETRY, Dorcheaster Road, Poole, BH15 3RZ

റെയസ് റോബിന്‍സിന്റെ ഇപ്പോൾ നടക്കുന്ന മൃതസംസ്‌കാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണാം…

യുകെയിൽ മരണമടഞ്ഞ റെയസ് റോബിന്‍സിന്റെ  മൃതസംസ്‌കാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണാം…