പൊതുമേഖലാ ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്താൽ, ബാങ്കുകൾക്ക് യാതൊരു ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക്. കുഷ് കാൽറ എന്ന അഭിഭാഷകന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ ഉത്തരത്തിലാണ് റിസർവ് ബാങ്കും 19 പൊതുമേഖലാ ബാങ്കുകളും ഈ നിലപാട് സ്വീകരിച്ചത്.
ആർബിഐ നൽകിയ ഉത്തരം വായിച്ചു ‘ഞെട്ടിയ’ അഭിഭാഷകൻ, പരാതിയുമായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചിട്ടുണ്ട്. വിപണിയിലെ അനാരോഗ്യ പ്രവണതകൾ തടയുന്നതിനുള്ള സർക്കാർ ഏജൻസിയാണ് സിസിഐ. ലോക്കർ സേവനത്തിന്റെ കാര്യത്തിൽ തീർത്തും അനാരോഗ്യകരമായ നിലപാടാണ് ബാങ്കുകളുടേതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമേൽക്കാൻ ബാങ്കുകൾ തയാറല്ലെങ്കിൽ സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ ഇൻഷുർ ചെയ്തശേഷം വീട്ടിൽതന്നെ സൂക്ഷിക്കുന്നതല്ലേ യുക്തം എന്നും അദ്ദേഹം പരാതിയിൽ ചോദിക്കുന്നു.
അതേസമയം, വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും തനിക്കു ലഭിച്ച മറുപടിയിൽ ആർബിഐ വ്യക്തമാക്കിയതായി അദ്ദേഹം സിസിഐയെ അറിയിച്ചു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഉപഭോക്താവിന് സംഭവിക്കുന്ന നഷ്ടം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും നിർദ്ദേശിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കുന്നു. റിസർവ് ബാങ്കിനു പുറമെ, പൊതുമേഖലാ ബാങ്കുകളും ഇക്കാര്യത്തിൽ ഉത്തരവാദിത്തമേൽക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ലോക്കർ സേവനവുമായി ബന്ധപ്പെട്ട് ബാങ്കിന് ഉപഭോക്താവുമായുള്ള ബന്ധം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള ബന്ധത്തിന് സമാനമാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ ബാങ്കുകളും റിസർവ് ബാങ്കും വിശദീകരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ലോക്കർ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും അതിൽ സൂക്ഷിക്കുന്ന വസ്തുക്കൾ ഉപഭോക്താവിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണെന്നാണ് വിശദീകരണം.
Leave a Reply