ന്യൂസ് ഡെസ്ക്, മലയാളം യുകെ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ലക്ഷം കിലോഗ്രാം സ്വർണം യുകെയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വരും മാസങ്ങളിൽ കൂടുതൽ സ്വർണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനാണ് ആർബിഐ ഉദ്ദേശിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 1991നു ശേഷം ഇത്രയും സ്വർണം കൈമാറ്റം ചെയ്യുന്നത് ആദ്യമായാണ്.
1991ൽ രാജ്യം വിദേശനാണ്യ പ്രതിസന്ധി നേരിട്ടപ്പോൾ രാജ്യത്തിൻറെ സ്വർണ ശേഖരത്തിൽ നിന്ന് വലിയ ഒരു ഭാഗം പണയം വെച്ചപ്പോൾ വൻ വിമർശനമാണ് ആർബിഐ നേരിട്ടത്. എന്നാൽ ഇപ്പോഴത്തെ സംഭവം വിദേശത്ത് കൂടുതൽ സ്വർണം അധികരിച്ചതുകൊണ്ട് കുറച്ചു സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് മുതിർന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ മിൻ്റ് റോഡിലെ ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലും നാഗ്പൂരിലും സ്ഥിതി ചെയ്യുന്ന നിലവറകളിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ സംഭവം 1991ൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അന്ന് സ്വർണം പണയം വയ്ക്കുകയായിരുന്നു എന്നാൽ ഇപ്പോഴത്തെ നടപടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തിയും ആത്മവിശ്വാസവും കാണിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആർബിഐയ്ക്ക് വേണ്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണ് കൂടുതൽ സ്വർണം സൂക്ഷിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈടാക്കുന്ന സംഭരണ ചിലവുകൾ ലാഭിക്കാൻ സ്വർണം ഇന്ത്യയിലേയ്ക്ക് മാറ്റുന്നതു മൂലം ആർബിഐ യ്ക്ക് സാധിക്കും.
Leave a Reply