ഗായിക എസ്. ജാനകി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഗായകന്‍ സുദീപ് കുമാര്‍. ഒമ്പതാം തവണയാണ് ഗായികക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവാന്‍ ഒരുങ്ങുകയാണ് മലയാളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം. ഇതിനു മുമ്പും ഇതു പോലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ സമം നല്‍കിയ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
കലാകാരന്മാര്‍ക്ക് എതിരെയുണ്ടാകുന്ന വ്യാജ പ്രചാരണങ്ങളോടും അപകീര്‍ത്തിപ്പെടുത്തലുകളോടും മൗനം പാലിക്കേണ്ട ആവശ്യമില്ല. ജാനകിയമ്മയെ കുറിച്ച് പ്രചരിക്കുന്ന ഈ വാര്‍ത്തകള്‍ക്കെതിരെ നിയമപരമായി നീങ്ങാനാണ് തീരുമാനം. ഈ പ്രചാരണം നടത്തിയവര്‍ മനഃസമാധാനത്തോടെയിരിക്കാം എന്നു വിചാരിക്കേണ്ട എന്ന് സമം പ്രസിഡന്റ് കൂടിയായ സുദീപ് കുമാര്‍ പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍ കണ്ട് ഗായിക കെ.എസ് ചിത്ര സംസാരിച്ചതിനെ കുറിച്ചും സുദീപ് വ്യക്തമാക്കി. ഇന്നലെ വളരെ ഹൃദയവേദനയോടെ ചിത്ര ചേച്ചി സംസാരിച്ചു. ജാനകിയമ്മയുമായി അമ്മ-മകള്‍ ബന്ധം പുലര്‍ത്തുന്നയാളാണ് ചിത്ര ചേച്ചി. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുന്നത് ഏറെ വേദനിപ്പിക്കുന്നു. ജാനകിയമ്മയെ കുറിച്ചു ചോദിക്കാനായി മകന്‍ മുരളി കൃഷ്ണനെ വിളിക്കാന്‍ മടിയാണ്.
കാരണം, ഇതു പല തവണയായി സംഭവിക്കുന്നു. ജാനകിയമ്മയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന മറ്റൊരാളെ ചിത്ര ചേച്ചി വിളിച്ചു സംസാരിച്ചു. കഴിഞ്ഞ ദിവസം കൂടി ജാനകിയമ്മയെ വിളിച്ചു വിശേഷങ്ങള്‍ തിരക്കിയതാണെന്നും അവര്‍ പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്.
കാര്യം എന്താണെന്ന് ബന്ധുക്കളെപ്പോലും വിളിച്ചു ചോദിക്കാനുള്ള മാനസികാവസ്ഥ ആയിരിക്കില്ല. വിവാദങ്ങളിലൊന്നും ഇടപെടാത്ത ജാനകിയമ്മയോട് മലയാളികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ദേഷ്യമേ വിരോധമോ ഉണ്ടാകേണ്ടതിന്റെ ആവശ്യമില്ല. വിദ്യാസമ്പന്നരെന്ന് വാദിക്കുന്ന മലയാളികള്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ഏറ്റവും വലിയ വിരോധാഭാസമാണ് എന്നും സുദീപ് പറഞ്ഞു.
Leave a Reply