ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.പി.ഉദയഭാനുവിനെതിരേ ശക്തമായ തെളിവുകളുമായി കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കൾ. ഉദയഭാനുവിൽനിന്നു രാജീവിനു ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെന്നും സുഹൃത്തുക്കൾ ആരോപിച്ചു.
സംഭവത്തെ പറ്റി രാജീവിന്റെ സുഹൃത്തുക്കൾ പറയുന്നതിങ്ങനെ:
പാലക്കാട് ജില്ലയിലെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഉദയഭാനുവും രാജീവും ബന്ധപ്പെടുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപ ഉദയഭാനു അഡ്വാൻസ് തുകയായി രാജീവിനു നൽകിയിരുന്നു. എന്നാൽ ഈ ഇടപാട് നടന്നില്ല. രാജീവ് പണം തിരികെ നൽകിയതുമില്ല. ഇതേതുടർന്ന് സി.പി.ഉദയഭാനുവിൽനിന്നു ഭീഷണിയുണ്ടെന്നു കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ജൂണ്‍ മാസത്തിലാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി പോലീസ് സംരക്ഷണത്തിനു നിർദേശിച്ചില്ലെങ്കിലും തുടർന്നു ഭീഷണിയുണ്ടായാൽ നെടുന്പാശേരി സിഐയെ സമീപിക്കാമെന്നു നിർദേശിച്ചു. ഇതിനുശേഷമാണ് രാജീവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. എന്നാൽ സംഭവത്തിൽ തനിക്കു പങ്കില്ലെന്നും രാജീവിന്റെ പരാതി വ്യാജമാണെന്നുമാണ് സി.പി.ഉദയഭാനുവിന്റെ പ്രതികരണം. ഭൂമി ഇടപാടിൽ രാജീവിനു പണം നൽകിയിരുന്നു. ഈ ഇടപാട് നടക്കാത്തതിനാൽ വഞ്ചനാക്കുറ്റത്തിന് രാജീവിനെതിരേ ആലുവ റൂറൽ എസ്പിക്കു പരാതി നൽകി.ഈ പരാതിയിൽനിന്ന് ഒഴിവാകുന്നതിനുവേണ്ടി മാത്രമാണ് രാജീവ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ഉദയഭാനുവിന്റെ പ്രതികരണം. റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന അങ്കമാലി നായത്തോട് വീരംപറന്പിൽ രാജീവിനെയാണ് ചാലക്കുടി പരിയാരത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
Leave a Reply