റുഡ്യാർഡ് കിപ്ലിംഗ് എന്ന എഴുത്തുകാരന്‍റെ സൃഷ്ടിയായ ദി ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലെ മുഖ്യകഥാപാത്രമാണ് മൗഗ്ലി. കാട്ടൂൺ പരമ്പരയായി പുറത്തുവന്ന ജംഗിൾ ബുക്ക് ഏവർക്കും പ്രിയപ്പെട്ടതായിരുന്നു. മൗഗ്ലി എന്ന ഈ സാങ്കൽപ്പിക കഥാപാത്രം മധ്യപ്രദേശിലെ പെഞ്ച് പ്രദേശത്തെ മനുഷ്യ സമ്പർക്കമില്ലാതെ വളർന്ന ഒരു മൃഗസ്വഭാവമുള്ള മനുഷ്യക്കുട്ടിയാണ്. തന്റെ മറ്റൊരു ചെറുകഥാസമാഹാരമായ “ഇൻ ദ റുഖ്”ൽ ആണ് റുഡ്യാർഡ് കിപ്ലിംഗ് ആദ്യമായി മൗഗ്ലിയെ ആദ്യമായി അവതരിപ്പിച്ചത്.
ഇവിടെയിതാ, ജീവിച്ചിരിക്കുന്ന മൗഗ്ലിയുടെ കഥയാണ് പുറത്തുവരുന്നത്. ആഫ്രിക്കയിലെ റവാൻഡ എന്ന രാജ്യത്താണ് സാൻസിമാൻ എല്ലി എന്ന 21കാരൻ മൗഗ്ലിയ്ക്കു സമാനമായ ജീവിതാവസ്ഥ നേരിടുന്നത്. മൈക്രോസെഫാലി എന്ന അസുഖം ബാധിച്ച എല്ലിയെ വിരൂപനെന്ന് ആക്ഷേപിച്ച നാട്ടുകാർ വനത്തിലേക്ക് അട്ടിപ്പായിക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ സ്വന്തമായി വീടും ബന്ധുക്കളുമുള്ള എല്ലിയുടെ താമസം കാട്ടിലാണ്. കഴിക്കുന്നതാകട്ടെ പുല്ലും. വലുപ്പമേറിയ തലയുമായി ജനിക്കുന്നതാണ് മൈക്രോസെഫാലി എന്ന രോഗാവസ്ഥ.
ഈ രോഗത്തെ തുടർന്ന് കുട്ടിക്കാലം മുതൽ എല്ലിയ്ക്കു സംസാരശേഷിയില്ലായിരുന്നു. രൂപത്തിലെ വ്യത്യസ്തത കാരണം നാട്ടുകാർ അവനെ എപ്പോഴും ആട്ടിപ്പായിക്കുമായിരുന്നു. ഇതോടെയാണ് അവന് ഗ്രാമത്തിന് സമീപമുള്ള കാട്ടിൽ താമസിക്കേണ്ടിവന്നത്. വന്യമൃഗങ്ങൾക്കിടയിൽ കഴിയേണ്ടിവന്നെങ്കിലും അവയൊന്നും അവനെ ഉപദ്രവിക്കാറില്ല.
എല്ലിക്ക് മുമ്പ് ജനിച്ച അഞ്ചു മക്കളും മരിച്ചുപോയതായി അവന്‍റെ അമ്മ ഒരു ടിവി ചാനലിനോട് സംസാരിക്കവെ പറഞ്ഞു. അസാധാരണമായ ഒരു മുഖം ഉള്ളതിനാൽ എല്ലിയെ നാട്ടുകാർ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ഓടിക്കുകയും ചെയ്യാറുണ്ടെന്ന് അവർ വെളിപ്പെടുത്തി. കൂടാതെ, കേൾക്കാനും സംസാരിക്കാനുമുള്ള കഴിവില്ലായ്മ കാരണം, എല്ലിക്കു സ്കൂളിൽ പോകാനും കഴിഞ്ഞിട്ടില്ല.
എല്ലിയുടെ ജീവിത കഥ ചാനലിലൂടെ പുറത്തുവന്നത് വലിയൊരു വഴിത്തിരിവായി. നിരവധിയാളുകൾ അവനെ സഹായിക്കാൻ രംഗത്തെത്തി. എല്ലിയുടെ അമ്മയെ അഭിമുഖം ചെയ്ത അതേ ചാനലായ അഫ്രിമാക്സ് ടിവി ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ആരംഭിച്ചു. എല്ലിക്കും കുടുംബത്തിനും സഹായം നൽകുന്നതിനായി സോഷ്യൽമീഡിയയിൽ ഒരു GoFundMe പേജ് ആരംഭിച്ചു.
” ഈ അമ്മയെ അവരുടെ മകനെ വളർത്താൻ സഹായിക്കാം, കാരണം അവർക്ക് മറ്റു തൊഴിലോ വരുമമാനമോ ഇല്ലാത്തതിനാൽ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ ഈ കുടുംബം കഷ്ടപ്പെടുന്നു. കാട്ടിൽ പോയി പുല്ലും മറ്റു ഇലകളുമൊക്കെയാണ് എല്ലി ഭക്ഷിക്കുന്നത്. നമുക്ക് ഈ ആൺകുട്ടിയെയും അവന്റെ അമ്മയെയും സംരക്ഷിക്കാം, ‘GoFundMe പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.
ഏതായാലും ധനസമാഹരണം വിജയം കണ്ടിരിക്കുകയാണ്. ഇതിനോടകം ഏകദേശം മൂന്നു ലക്ഷത്തിലേറെ രൂപ ലഭിച്ചുകഴിഞ്ഞു. ഇതു ഉപയോഗിച്ച് എല്ലിക്കും അമ്മയ്ക്കും സുരക്ഷിതമായ ഒരു വീട് ഒരുക്കുകയാണ് ആദ്യ ലക്ഷ്യം. അതിനൊപ്പം ഇവർക്ക് ദിവസവും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്യും. എല്ലിയെ ഏറ്റെടുക്കാനും, വിദ്യാഭ്യാസം ചെയ്യിക്കാനുമായി നിരവധി എൻജിഒകൾ രംഗത്തുണ്ട്.
Leave a Reply