ഒരു കാലത്ത് മിനി സ്‌ക്രിനിലൂടെ മലയാളികളുടെ വീടുകളിലെന്നും മുഴങ്ങുന്ന ശബ്ദമായിരുന്നു രഞ്ജിനി ഹരിദാസിന്റെത്. കൊച്ചു കുട്ടികള്‍ക്ക് പോലും ഈ പേര് സുപരിചിതം. ഇംഗ്ലീഷ് ചടുലതയിലൂടെ ചാനല്‍ അവതാരകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രഞ്ജിനി ഹരിദാസ്. സാമൂഹികപ്രശ്‌നങ്ങള്‍ക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേള്‍ക്കുന്നില്ല. ഏഷ്യാനെറ്റില്‍ നിന്നും ഫ്‌ളവേഴ്‌സിലേക്ക് ചേക്കേറിയതോടെ കരിയര്‍ അവസാനിച്ചത് പോലെ ആയ രഞ്ജിനി ഹരിദാസ് മനസ്സ് തുറക്കുന്നു. 32-ാം വയസ്സില്‍ ഞാനൊരു കുട്ടിയെ ദത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. പരോക്ഷത്തില്‍ അത് സംഭവിച്ചിരിക്കുന്നു. വിവാഹ ഏര്‍പ്പാടിലോന്നും എനിക്ക് താത്പര്യമില്ല. വിവാഹം കഴിക്കാന്‍ അമ്മയും നിര്‍ബന്ധിക്കാറില്ല. അഥവാ എന്നെ നന്നായി മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ മാത്രമായിരിക്കും വിവാഹം. ഇപ്പോള്‍ എന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവും ഭാര്യയ്ക്കും ഉണ്ടായ കുട്ടി എനിക്ക് മകളെ പോലെയാണ്.
ആ കൊച്ചിന് നാലര വയസ്സുണ്ട്. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്‌ക്കൊപ്പമാണ് അവള്‍ ഉറങ്ങുന്നത്. സ്‌നേഹവും വാത്സല്യവും ഞാനവള്‍ക്ക് കൊടുക്കുന്നതുകൊണ്ട് കാര്യങ്ങള്‍ ദത്തെടുത്തത് പോലെയായി. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 7 കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫ്‌ളവേഴ്‌സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി. ഇപ്പോള്‍ ഫ്‌ളവേഴ്‌സും വിളിക്കാത്ത അവസ്ഥയായി. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റിന്റെ പരിമിതികളാണിതെന്ന് രഞ്ജിനി തുറന്നടിക്കുന്നു. സിനിമാഭിനയത്തിലും ഞാന്‍ കൈവച്ചു പക്ഷെ ഒരെണ്ണം റിലീസ് അയി, മറ്റൊരെണ്ണം റിലീസ് ആയില്ല. അത് നന്നായെന്ന് വളരെ കൂളായി രഞ്ജിനി പറയുന്നു. കാരണം മറ്റൊന്നുമല്ല അതിന്റെ പ്രതിഫലം എനിക്ക് കിട്ടിയില്ലായിരുന്നു. പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണ്. ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്.
ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ലെന്നും രഞ്ജിനി പറയുന്നു. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെയും പ്രശ്‌നങ്ങള്‍ക്കെതിരെ ഞാന്‍ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടി. അതോടൊപ്പം എന്നെ ട്രാന്‍സ് ജെന്‍ഡറായി കാണുന്നവരും ഒരുപാടുണ്ടെന്നാണ് രഞ്ജിനി പറയുന്നു. മനുഷ്യത്വത്തിന് മുന്നില്‍ അതൊന്നും വലിയ പ്രശ്‌നമല്ലെന്നും രഞ്ജിനി പറയുന്നു.
കുട്ടിക്കാലത്ത് അച്ഛന് തെരുവില്‍ നിന്ന് കിട്ടിയ പോമറേനിയന്‍ പട്ടിയെ വീട്ടില്‍ കൊണ്ടുവന്നതോടെയാണ് എനിയ്ക്ക് പട്ടി പ്രേമം തുടങ്ങുന്നത്. അച്ഛന്‍ മരിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് ഈ പട്ടിയും മരിച്ചു. ഇതോടെ വലിയ ഷോക്കായി.പിന്നീട് പെറ്റ്‌സിനെ ഒന്നും വളര്‍ത്തിയില്ല. ഞാന്‍ ജോലിക്ക് പോയതോടെ അമ്മ വീട്ടില്‍ ഒറ്റയ്ക്കായി ഇതോടെയാണ് വീണ്ടും പട്ടിക്കുട്ടിയെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയതെന്നും രഞ്ജിനി പറയുന്നു. പട്ടിയോടെന്നല്ല. എല്ലാ ജീവികളോടും രഞ്ജിനിക്ക് അനുകമ്പയാണ്. അതുകൊണ്ടൊക്കെ തന്നെ ബാറ്റ്‌കൊണ്ട് കൊതുകിനെ കൊല്ലാറില്ല. വരിവരിയായി പോകുന്ന ഉറുമ്പിനെയും ഞാന്‍ ശല്യം ചെയ്യാറില്ല. തൃശൂര്‍ കേന്ദ്രമാക്കി ഹ്യുമാനിറ്റി ഫോര്‍ ആനിമല്‍സ് എന്നൊരു സംഘടന ഞങ്ങള്‍ക്ക് ഉണ്ട്. തെരുവില്‍ ഇറക്കി വിടുന്നതും പരിക്കുപറ്റിയതുമായപട്ടികളെയും പൂച്ചകളെയും സംരക്ഷിക്കുക എന്നതാണ് ദൗത്യം.
അരയ്ക്ക് താഴോട്ട് തളര്‍ന്നു പോയ മൃഗങ്ങളെ എന്റെ വണ്ടിയില്‍ കയറ്റി കോയമ്പത്തൂരോ തിരുപ്പൂരോ ഉള്ള മൃഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കും.തെരുവില്‍നിന്ന് കിട്ടിയ രണ്ട് പട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. അതില്‍ ഒന്ന് ആരോ ആസിഡ് ഒഴിച്ചു പൊള്ളിച്ച പട്ടിയായിരുന്നു. അതിന്റെ സ്‌നേഹം അത് കണ്ടുതന്നെ അറിയണം. സമൂഹ മാധ്യമങ്ങളില്‍ നിന്ന് അടുത്തിടെയായി ഒന്ന് ഒതുങ്ങിയത് പോലായല്ലോ എന്ന് പലരും പറയുന്നുണ്ട്. ഇന്ന് എല്ലാവക്കും തുറന്നു പ്രതികരിക്കാന്‍ സമൂഹ മാധ്യമങ്ങളുണ്ട്. ആ രംഗത്ത് പ്രതികരിക്കാന്‍ കരുത്തുറ്റ ആളുകളും ഉണ്ട്. ജോയ് മാത്യുവിന്റെ ഒരു കടുത്ത ഫാന്‍ ആണ് ഞാന്‍. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഞാന്‍ സംസാരിക്കുന്നത് കൊണ്ട് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ഒരിക്കലും രാഷ്ട്രീയത്തില്‍ എനിക്ക് തരണം ചെയ്യാന്‍ കഴിയില്ല, രാഷ്ട്രീയം വലിയൊരു സിസ്റ്റമാണ് അതില്‍ പെട്ടുപോയാല്‍ പുറത്തിറങ്ങാന്‍ കഴിയില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നു.
Leave a Reply