സഞ്ജു സാംസണിന്റെ സെഞ്ചുറി വിജയ സെഞ്ചുറിയായില്ലല്ലോ എന്ന സങ്കടം മാത്രം. ഐപിഎൽ മൽസരത്തിൽ സഞ്ജു സെഞ്ചുറി നേടിയെങ്കിലും രാജസ്ഥാൻ ഹൈദരാബാദിനോട് അഞ്ചു വിക്കറ്റിനു തോറ്റു. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ രണ്ടു വിക്കറ്റിന് 198. ഹൈദരാബാദ് 19 ഓവറിൽ അഞ്ചിന് 201. സഞ്ജുവും (55 പന്തിൽ 102) രഹാനെയും (49 പന്തിൽ 70) ചേർന്നാണ് രാജസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചത്. എന്നാൽ ഡേവിഡ് വാർണർ (69), ജോണി ബെയർസ്റ്റോ (45), വിജയ് ശങ്കർ (35) എന്നിവരുടെ മികവിൽ ഹൈദരാബാദ് ജയിച്ചു കയറി.
ബെയ്ൽസ് ഇല്ലാ മൽസരം, ലോസ്റ്റ് ബോള്‍…; ക്രിക്കറ്റിലെ രസകരമായ ആചാരങ്ങൾ
ഷെയ്ൻ വോണിന്റെ നാവു പൊന്നാവട്ടെ! സീസൺ തുടങ്ങും മുൻപ് ഈ ഐപിഎല്ലിന്റെ താരം സഞ്ജു സാംസണായിരിക്കുമെന്നു പ്രവചിച്ച വോണിനെ സാക്ഷിയാക്കിയായിരുന്നു മലയാളി താരത്തിന്റെ കിടിലൻ സെഞ്ചുറി. എന്നാൽ സഞ്ജു വിതച്ച പിച്ചിൽ കൊയ്ത്തു നടത്തിയ വാർണറും ബെയർസ്റ്റോയും വിജയ് ശങ്കറും ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.
ഒരു 20 റൺസ് എങ്കിലും അധികമുണ്ടായിരുന്നെങ്കിലെന്ന് രാജസ്ഥാൻ ആശിച്ചു കാണും. രാജസ്ഥാൻ ടീം സ്കോറിന്റെ പകുതിയിലേറെയും സഞ്ജുവിന്റെ ബാറ്റിൽ നിന്നായിരുന്നു. 55 പന്തിൽ പുറത്താകാതെ 102 റൺസ്; 10 ഫോർ, 4 സിക്സ്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (70) തിളങ്ങിയെങ്കിലും ടീം സ്കോർ ഇരുനൂറു കടക്കാനാവാതെ പോയത് അന്തിമഫലത്തിൽ തിരിച്ചടിയായി.
ജോസ് ബട്‌ലർ വീണതിനു ശേഷം രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന രഹാനെയും സഞ്ജുവുമാണ് രാജസ്ഥാൻ ഇന്നിങ്സിന് അടിത്തറയിട്ടത്. തുടക്കത്തിൽ കരുതലോടെയാണ് ഇരുവരും കളിച്ചത്. പത്ത് ഓവർ പിന്നിടുമ്പോൾ സ്കോർ 75 റൺസ് മാത്രം. റാഷിദ് ഖാന്റെ 13–ാം ഓവറിൽ രഹാനെയും സന്ദീപ് ശർമയുടെ അടുത്ത ഓവറിൽ സഞ്ജുവും അർധ സെഞ്ചുറി തികച്ചു. 16–ാം ഓവറിൽ രഹാനെ പുറത്തായി ബെൻ സ്റ്റോക്സ് കൂട്ടായെത്തിയതോടെ സഞ്ജു വിശ്വരൂപം പൂണ്ടു. ഭുവനേശ്വർ കുമാറിന്റെ 18–ാം ഓവറിൽ സഞ്ജു നേടിയത് ഇങ്ങനെ: 6,4,4,2,4,4– 24 റൺസ്!
സഞ്ജു സെഞ്ചുറി നേടുമോ എന്നതായി അതോടെ ആകാംക്ഷ. അവസാന ഓവറിൽ ഭുവിയുടെ പന്ത് തേഡ്മാനിലേക്കു തോണ്ടിയിട്ടതിനു പിന്നാലെ സ്റ്റോക്സ് സ്ട്രൈക്ക് സഞ്ജുവിനു കൈമാറി. അടുത്ത പന്തിൽ ഫോറടിച്ച് സഞ്ജു ഐപിഎല്ലിൽ തന്റെ രണ്ടാം സെഞ്ചുറിയിലെത്തി. അവസാന രണ്ടു പന്തുകൾ സ്റ്റോക്സും ബൗണ്ടറി കടത്തി.
രാജസ്ഥാൻ ഒടുക്കത്തിലാണ് അടിച്ചതെങ്കിൽ ഹൈദരാബാദ് തുടക്കത്തിലേ തുടങ്ങി. പത്തോവറായപ്പോഴേക്കും നൂറു കടത്തിയാണ് വാർണറും (37 പന്തിൽ 69) ബെയർസ്റ്റോയും (28 പന്തിൽ 45) മടങ്ങിയത്. മറ്റൊരാൾ അതേറ്റു പിടിക്കേണ്ട കാര്യമേ പിന്നീട് ഹൈദരാബാദിനുണ്ടായുള്ളൂ. വിജയ് ശങ്കർ (15 പന്തിൽ 35, 1 ഫോർ, മൂന്നു സിക്സ്) അതു ഭംഗിയായി നിറവേറ്റി. വില്യംസണിനെയും (14) ശങ്കറിനെയും മടക്കി രാജസ്ഥാൻ വീണ്ടും പ്രതീക്ഷയുണർത്തിയെങ്കിലും യൂസഫ് പഠാനും (16) റാഷിദ് ഖാനും (15) ഒരോവർ ബാക്കി നിൽക്കെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.
Leave a Reply