മാഞ്ചസ്റ്റർ ∙ ഫൈസർ ഫാർമസ്യുട്ടിക്കലിന്റെ കോവിഡ് പ്രതിരോധ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിൽ കൂടുതൽ മലയാളി ഡോക്ടർമാർ. മാഞ്ചസ്റ്ററിലെ താമസക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ ഡോ. ശ്രീദേവി നായരാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ഫൈസർ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രതിരോധം പൂർണമാകണമെങ്കിൽ ഇരുപത്തിയൊന്ന് ദിവസത്തിനുശേഷം രണ്ടാം ഡോസുകൂടി എടുക്കണം. ഡോക്ടർ അജികുമാർ കവിദാസൻ എന്ന മലയാളി ഡോക്ടറും വാക്സീൻ സ്വീകരിച്ചിരുന്നു.
സ്റ്റോക്ക്പോർട്ട് നാഷനൽ ഹെൽത്ത് സർവീസ് ഫൌണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറായ ശ്രീദേവി നായർ ഇന്ത്യയിൽനിന്നുള്ള പഠനത്തിനുശേഷം ഇംഗ്ലണ്ടിൽനിന്നും അയർലണ്ടിൽനിന്നും നിരവധി ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. ഓറോ -ഫേഷ്യൽ വിദഗ്ധയായ ഡോക്ടർ ഈ മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർക്ക് തികച്ചും ആകസ്മികമായാണ് വാക്സീൻ എടുക്കാനുള്ള അവസരം ലഭിച്ചത്. രോഗികൾക്ക് നൽകാനായി കൊണ്ടുവന്ന ആദ്യ വാക്സീനുകളിലെ ബാക്കിയായ മരുന്ന് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുകൂടി നൽകാൻ അധികൃതർ തീരുമാനിച്ചപ്പോഴാണ് ശ്രീദേവിനായർക്കു വാക്സീൻ സ്വീകരിക്കാനുള്ള അവസരം ലഭിച്ചത്. ആശുപതിയിൽ ചികിത്സക്കെത്തിയ എൺപതോളം രോഗികൾക്ക് കൊടുത്തതിനിശേഷം ബാക്കിവന്ന മരുന്നാണ് ഡോക്ടർക്കും സഹപ്രവർത്തകർക്കും ലഭിച്ചത്.
വാക്സീൻ സ്വീകരിച്ചതിനുശേഷം പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുംതന്നെ അനുഭവപ്പെടുന്നില്ലെന്നാണ് ശ്രീദേവി പറയുന്നത്. എന്തായാലും ഡിസംബർ മുപ്പത്തിയൊന്നിന് രണ്ടാം ഡോസുകൂടിയെടുത്തു പൂർണ പ്രതിരോധ ശേഷിയുമായി പുതുവർഷത്തിലേക്കു കടക്കാമെന്നാണ് ഡോക്ടർ ശ്രീദേവി നായർ പ്രതീക്ഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും നിരവധി സർക്കാർ ഏജൻസികളുടെയും അനുമതിയോടെ ഉപയോഗിക്കപ്പെടുന്ന മരുന്ന് കോവിഡ് വ്യാപനത്തിനൊരു അവസാനം കുറിക്കുമെന്നാണ് എല്ലാവരേയുംപോലെ ഡോ. ശ്രീദേവിയും വിശ്വസിക്കുന്നത്. ലണ്ടനിലെ റോയൽ ഇൻഫെർമറി ആശുപത്രിയിലെ ഡോക്ടറായ ഭർത്താവ് രഘു മണിയും മൂന്നു മക്കളും പങ്കുവെക്കുന്നതും ഈ പ്രതീക്ഷകൾ തന്നെ.
Leave a Reply