അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനിലെ എല്ലാ ജി പി പ്രാക്ടീസുകളും മുഖാമുഖമുള്ള കൂടിക്കാഴ്ചകൾക്ക് കൂടി അവസരം ഒരുക്കണമെന്ന് നിർദ്ദേശം. പകർച്ചവ്യാധിയുടെ സമയത്ത് കൊണ്ടുവന്ന ടോട്ടൽ ട്രിയേജ് സംവിധാനത്തിനൊപ്പം ആവശ്യമുള്ളവർക്ക് നേരിട്ടുള്ള ചികിത്സയ്ക്കും അവസരം നൽകണമെന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച അയച്ച കത്ത് പ്രകാരം ജിപിമാർക്ക് ടെലഫോൺ അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ തുടരാമെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചകൾ മെയ് 17 മുതൽ ലഭ്യമാക്കണമെന്ന് നിർദ്ദേശിക്കുന്നു. എല്ലാ പ്രാക്റ്റീസ് റിസപ്ഷൻ ഡെസ്കുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രോഗികൾക്കായി തുറന്നിരിക്കണം. അതേസമയം ഫോണോ ഇന്റെർനെറ്റോ ഉപയോഗിക്കാൻ കഴിയാത്തവരെ പരിഗണിച്ചാണ് ഇപ്രകാരമൊരു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡ് -19ൻെറ സാഹചര്യത്തിൽ ഒരു മുൻകരുതലായാണ് ടോട്ടൽ ട്രിയേജ് സംവിധാനം രാജ്യത്ത് കൊണ്ടുവന്നത്. ഇതുവഴി രോഗികളെ പരിശോധിക്കുകയും അവരുടെ ചികിത്സയ്ക്കായുള്ള ഏറ്റവും അനുയോജ്യമായ ഹെൽത്ത് സർവീസിലേക്ക് നയിക്കുകയും ചെയ്തിരുന്നു. നേരിട്ടുള്ള ഒരു കൺസൾട്ടേഷൻ അനിവാര്യമല്ലാത്ത സാഹചര്യത്തിൽ ജിപിയുമായുള്ള കൂടിക്കാഴ്ചകൾ ടെലഫോൺ, വീഡിയോ അല്ലെങ്കിൽ ഓൺലൈൻ വഴിയും നടത്തിയിരുന്നു.

നിലവിൽ ജനറൽ പ്രാക്ടീസിൻെറ പകുതിയും നേരിട്ടുള്ള കൺസൾട്ടേഷൻസ് ആണ്. പകർച്ചവ്യാധിയ്ക്ക് മുൻപ് ഏകദേശം 70 ശതമാനം വരുന്ന അപ്പോയിന്റ്മെന്റുകൾ നേരിട്ടുള്ളതും 30 ശതമാനം വരുന്ന അപ്പോയിന്റ്മെന്റുകൾ ഫോൺ, വീഡിയോ, ഓൺലൈൻ എന്നിവ വഴിയും ആയിരുന്നു. എന്നാൽ ഇപ്പോൾ നേരിട്ടുള്ള അപ്പോയിന്റ്മെന്റുകൾ 30 ശതമാനത്തിലേക്ക് കുറഞ്ഞു. എന്തിരുന്നാലും രോഗികളുടെ മുൻഗണനകൾ പാലിക്കണമെന്ന് ജോയിന്റ് ലെറ്ററിൽ എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ പ്രൈമറി കെയർ മെഡിക്കൽ ഡയറക്ടറായ ഡോ. നിക്കി കാനാനി ഡോക്ടർമാരോട് പറഞ്ഞു. രോഗികൾക്കും ക്ലിനിക്കുകൾക്കും കൺസൾട്ടേഷൻ മോഡ് തെരഞ്ഞെടുക്കാനാവും. മുഖാമുഖ പരിചരണത്തിനായിരിക്കണം ജിപിമാർ മുൻഗണന നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

റിസപ്ഷനുകൾ സുരക്ഷിതമാക്കാനായി രോഗികൾ പുറത്ത് ക്യൂ നിൽക്കാൻ ആവശ്യപ്പെടാമെന്നും അധികൃതർ അറിയിച്ചു. പകർച്ചവ്യാധിയ്ക്ക് ശേഷമുള്ള ടോട്ടൽ ട്രിയേജ് സംവിധാനത്തെ വിമർശിച്ചുകൊണ്ട് റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് ഈ തീരുമാനം.