ന്യൂസ് ഡെസ്ക്, മലയാളം യുകെ
എച്ച്‌എം റവന്യൂ ആൻഡ് കസ്റ്റംസ് (എച്ച്എംആർസി)യുടെ രേഖകൾ പ്രകാരം കഴിഞ്ഞ വർഷം 30 വയസ്സിന് താഴെയുള്ള 1,000 നികുതിദായകർ £1 മില്യണിൽ കവിഞ്ഞ വരുമാനം നേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തേക്കാൾ 11% വർധനവായ ഇത് ഒരു പുതിയ റെക്കോർഡാണ്. ആകെ ഇവർ £3 ബില്യണിനു മേൽ വരുമാനം ആണ് നേടിയത്. ശരാശരി ഒരാൾക്ക് ഏകദേശം £3 മില്യൺ വീതം ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അക്കൗണ്ടൻസി സ്ഥാപനമായ ലബ്ബോക്ക് ഫൈൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക്, യൂട്യൂബ് എന്നിവയിൽ ഇൻഫ്ലുവൻസർമാർക്ക് ലഭിക്കുന്ന വൻ പരസ്യ വരുമാനമാണ് ഈ ഉയർച്ചയ്ക്ക് പ്രധാന കാരണം എന്ന് സ്ഥാപനം വിലയിരുത്തുന്നു. കായികം, സംഗീതം, മീഡിയ മേഖലകളിലെ വലിയ കരാറുകളും ടെക്‌നോളജി, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ ഉയർന്ന ശമ്പളവും കാരണങ്ങളായി ചൂണ്ടിക്കാണിക്കപെടുന്നുണ്ട്.

£1 മില്യണിന് മുകളിൽ വരുമാനമുള്ളവരിൽ ഇപ്പോൾ ഏകദേശം 3% പേർ 30 വയസ്സിനു താഴെയുള്ളവരാണ്. ആകെ £1 മില്യൺ വരുമാനക്കാർ 31,000 പേരാണ് ഉള്ളത്. എന്നാൽ ഈ വിഭാഗത്തിൽ 1% മാത്രം വർധനയുണ്ടായപ്പോൾ യുവജന വിഭാഗത്തിൽ വർധന വേഗത്തിൽ ഉയർന്നുവെന്നതാണ് ശ്രദ്ധേയം. മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലാൻഡ് പോലുള്ള താരങ്ങളും മുൻ ലവ് ഐലൻഡ് മത്സരാർത്ഥിയും ഇൻഫ്ലുവൻസറുമായ മോളി-മേ ഹേഗ് പോലുള്ള യുവപ്രതിഭകളും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്നാണ് റിപ്പോർട്ട്. ഹാലാൻഡിന് ആഴ്ചയിൽ ഏകദേശം £5.25 ലക്ഷം (വർഷം ഏകദേശം £27.3 മില്യൺ) വരുമാനമുണ്ടെന്നാണ് കണക്ക്. മോളി-മേയ്ക്ക് ഒരു പോസ്റ്റിന് £60,000 വരെ ലഭിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

പാൻഡെമിക്കിന് ശേഷം £1 മില്യൺ വരുമാനം നേടുന്ന 30 വയസ്സിനു താഴെയുള്ളവരുടെ എണ്ണം 54% വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേകാലയളവിൽ ബ്രിട്ടനിലെ ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ചെലവ് £917 മില്യൺ ആയി ഉയർന്ന് മൂന്നിരട്ടിയായി. ഈ വർഷം ഇത് £1 ബില്യൺ കടക്കും എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് . അതേസമയം ചെറുപ്രായത്തിൽ വലിയ വരുമാനം നേടുന്നതു ജീവിതകാലം മുഴുവൻ സമ്പന്നത ലഭിക്കുമെന്നതിനുള്ള ഉറപ്പല്ലെന്ന് ലബ്ബോക്ക് ഫൈൻ സ്പോർട്സ്-എന്റർടെയിൻമെന്റ് വിഭാഗം തലവൻ മുന്നറിയിപ്പ് നൽകി. വിരമിച്ച ശേഷം പല കായികതാരങ്ങളും കലാരംഗത്തുള്ളവരും നിക്ഷേപത്തിൽ പിന്നോക്കം നിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ 55–64 പ്രായക്കാർക്കിടയിൽ യൂട്യൂബ്, ടിക്‌ടോക്ക് ഉപഭോഗവും കൂടിയതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അതിലൂടെ മുതിർന്നവരും ഇൻഫ്ലുവൻസർ രംഗത്ത് ശ്രദ്ധേയരായി ഉയർന്നുവരുന്നതായും ഉള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .











Leave a Reply