ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ ഓരോ ദിനവും തള്ളി നീക്കുന്ന ബ്രിട്ടന് ആശ്വാസവാർത്ത. കോവിഡ് ബാധിച്ച് നൈറ്റിംഗേൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച രോഗികൾ ആശുപത്രി വിട്ടു. അവരെ ലണ്ടനിലെ എൻ‌എച്ച്എസ് നൈറ്റിംഗേൽ എമർജൻസി ആശുപത്രിയിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു. സൈമൺ ചുങ് എന്ന വ്യക്തിയെയും മറ്റൊരാളെയും ആണ് ആരോഗ്യപ്രവർത്തകർ അഭിനന്ദിച്ച് യാത്രയാക്കിയത്. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഒമ്പത് ദിവസങ്ങൾ കൊണ്ട് താത്കാലികമായി കെട്ടിയുയർത്തിയ നൈറ്റിംഗേൽ ആശുപത്രിയിൽ ഏപ്രിൽ 7നാണ് ആദ്യ രോഗികളെ പ്രവേശിപ്പിച്ചത്. അമ്പത് വയസ്സ് പ്രായമുള്ള ചുങ്ങിനെ ഇനി വടക്കൻ ലണ്ടൻ ആശുപത്രിയിൽ ചികിത്സിക്കും. ലണ്ടനിലെ എൻ‌എച്ച്‌എസ് നൈറ്റിംഗേൽ നഴ്‌സിംഗ് ഡയറക്ടർ ഇമോൺ സള്ളിവൻ പറഞ്ഞു: “ഞങ്ങളുടെ രോഗികളെ പരിചരിക്കുന്നതിനായി സമയം മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ക്ലിനിക്കുകൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇത് സന്തോഷം പകരുന്ന വാർത്തയാണ്.” എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് നന്ദി പറഞ്ഞു. ഈവരുന്ന ചൊവ്വാഴ്ച ഹാരോഗേറ്റിലെ നൈറ്റിംഗേൽ ആശുപത്രി തുറക്കാനിരിക്കുകയാണ്. ബ്രിട്ടന്റെ വീരപുത്രൻ ക്യാപ്റ്റൻ ടോം മൂർ വീഡിയോലിങ്ക് വഴി ആശുപത്രി തുറക്കുന്ന ചടങ്ങിൽ ഒത്തുചേരും.

കൊറോണ വൈറസ് അതി തീവ്രമായി വ്യാപിക്കുമ്പോൾ വേനൽക്കാലത്ത് സ്കൂളുകൾ തുറക്കാനുള്ള പദ്ധതികളൊന്നുമില്ല എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. ഇംഗ്ലണ്ടിലെ സ്കൂളുകൾ കഴിഞ്ഞ നാലാഴ്ച ആയി അടഞ്ഞുകിടക്കുകയാണ്. സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന തീയതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സ്കൂളുകൾ മെയ് 11 വരെ തുറക്കാൻ കഴിയില്ലെന്ന് സൺ‌ഡേ ടൈംസ് റിപ്പോർട്ട്‌ ചെയ്തു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് വീണ്ടും സാഹചര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. “തീർച്ചയായും, സ്കൂളുകൾ തുറക്കുക, അവയെ സാധാരണ നിലയിലേക്ക് കൊണ്ടുവരിക , കുട്ടികൾ ചുറ്റും ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പഠിക്കുക, സ്കൂളിൽ പഠിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുക എന്നിവയല്ലാതെ മറ്റൊന്നും എനിക്കും ആവശ്യമില്ല. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഒരു തീയതി നൽകാൻ കഴിയില്ല. നിങ്ങളുടെ വിദ്യാഭ്യാസം ഈ രീതിയിൽ തടസ്സപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു. പോരാട്ടത്തിൽ ഒത്തുചേരുന്ന എല്ലാവർക്കും നന്ദി.” കുട്ടികളെ നേരിട്ട് അഭിസംബോധന ചെയ്ത വില്യംസൺ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ സഹായം നൽകുന്നതിനായി എൻ‌എസ്‌പി‌സി ചാരിറ്റിക്ക് 1.6 മില്യൺ ഡോളർ കൂടി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റിസപ്ഷൻ മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 180 ഓൺലൈൻ പാഠങ്ങളുടെ ഒരു പരമ്പര തന്നെ ഇന്ന് മുതൽ ലഭ്യമാകും. അധ്യാപകരും വിദ്യാഭ്യാസ സംഘടനകളും തയ്യാറാക്കിയ ഓൺലൈൻ പാഠങ്ങൾ ഓക്ക് നാഷണൽ അക്കാദമിയുടെ ലേബലിൽ ലഭ്യമാണ്. ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില കുട്ടികൾക്കായി ലാപ്ടോപ്പുകളും വിതരണം ചെയ്യും.

രാജ്യത്ത് ഇന്നലെ 596 കോവിഡ് രോഗികൾ കൂടി മരണപ്പെട്ടു. ഏപ്രിൽ 7ന് ശേഷം കാണപ്പെടുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 16,060 ആയി ഉയർന്നു. 5850 പേർക്കുകൂടി ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 120,067 ആയി മാറി. 60 വയസ്സിനു മുകളിൽ പ്രായമായവരാണ് മരണപ്പെടുന്നവരിൽ 90% വ്യക്തികളും. അതേസമയം ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ആകെ മരണസംഖ്യ 165,000 പിന്നിട്ടു.