ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ നല്ലൊരു ശതമാനത്തിന്റെയും ക്ലാസുകൾ നഷ്ടപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 170,000 ലധികം കുട്ടികളുടെ സ്കൂൾ പാഠങ്ങളുടെ പകുതിയെങ്കിലും നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വരെയുള്ളത് വെച്ച് കണക്കു കൂട്ടുമ്പോൾ ഇത് വളരെ ഉയർന്ന നിലയിലുള്ളതാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത് മൊത്തം വിദ്യാർഥികളുടെ എണ്ണത്തിന്റെ 2.3 ശതമാനം ആണ്. ഈ വിദ്യാർത്ഥികൾക്ക് 2023 – 24 അധ്യയന വർഷത്തിൽ നടന്ന ക്ലാസുകളിൽ കുറഞ്ഞത് 50 ശതമാനം എങ്കിലും നഷ്ടപ്പെട്ടതായാണ് കണക്കുകൾ കാണിക്കുന്നത്. 2022 – 23 ൽ ഇത് 2.0% മാത്രമായിരുന്നു. മൊത്തത്തിൽ, കഴിഞ്ഞ അധ്യയന വർഷത്തിൽ 171,269 വിദ്യാർത്ഥികളെ ഗുരുതരമായി ഹാജരാകാത്തവരായി തരംതിരിച്ചിട്ടുണ്ട്, 2022-23 ൽ 150,256 ആയിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ (DfE) ഡേറ്റ കാണിക്കുന്നു. നിലവിലെ DfE ഡേറ്റ 2006-07 ൽ ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ള അവസാന അധ്യയന വർഷമായ 2018-19 ൽ, 60,247 പേരെ ഗുരുതരമായി ഹാജരാകാത്തവരായി തരംതിരിച്ചു.
ഓരോ വർഷവും അനധികൃതമായി സ്കൂളുകളിൽ ഹാജരാകാത്തവരുടെ നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഹാജരാകാത്തത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്നതു മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്കൂളുകളിൽ നിന്നു മുങ്ങുന്ന വിദ്യാർത്ഥികൾ പല ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ചതിക്കുഴിയിൽ പെടുന്ന സംഭവവും കുറവല്ല. സ്കൂളുകൾക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിനെ ഒട്ടേറെ പരിമിതികൾ ഉണ്ടെന്ന് അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറൽ സെക്രട്ടറി പെപ്പെ ഡി ഇയാസിയോ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റ് ഏജൻസികളുടെയും കൂട്ടായ പ്രവർത്തനമാണ് ഇതിനു വേണ്ടതെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്തുന്നതിന് പിഴ ഈടാക്കുന്ന നടപടി യുകെയിൽ നിലവിലുണ്ട്. സെപ്റ്റംബറിൽ, ഇംഗ്ലണ്ടിലെ സ്കൂൾ ഹാജർ പിഴകൾ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി ഉയർന്നു, മൂന്ന് വർഷത്തിനുള്ളിൽ അതേ കുട്ടിക്ക് രണ്ടാമതും പിഴ ഈടാക്കുന്ന രക്ഷിതാവിന് ഇപ്പോൾ 160 പൗണ്ടാണ് പിഴ. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഹാജർ മെച്ചപ്പെടുത്തുന്നതിന് വേഗത്തിൽ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ആഹ്വാനം ചെയ്തിരുന്നു.
Leave a Reply