വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ പുലർച്ചെ ദുബായിയിൽനിന്നു കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 181 യാത്രക്കാരിൽ 75 പേർ ഗർഭിണികൾ. ഇതിൽ 35 ആഴ്ച ഗർഭസ്ഥരായ സ്ത്രീകളും ഉൾപ്പെട്ടിരുന്നു.
75 പേരും 32 ആഴ്ച തികഞ്ഞവരായിരുന്നു എന്നതും മറ്റൊരു വിശേഷം. പൂർണ ഗർഭിണികളെ വിമാനങ്ങളിൽ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങളുണ്ടായിരിക്കെയാണ് ഇത്തരത്തിൽ അപൂർവ ഇളവു നൽകിയത്. ശനിയാഴ്ച അർധരാത്രി കൊച്ചിയിലേക്കു വന്ന വിമാനത്തിൽ പ്രത്യേക സാഹചര്യം മുൻനിർത്തി രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും കരുതിയിരുന്നു.
ഗർഭിണികൾക്കു പുറമെ 35 രോഗികളും കുട്ടികളും ഉൾപ്പെട്ടിരുന്നു. രോഗികളിൽ 28 പേർ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു. ഗൾഫിൽനിന്നു കേരളത്തിലേക്ക് ഇതോടകം നടത്തിയ 20 പ്രത്യേക വിമാന സർവീസുകളിൽ ഗർഭിണികൾക്കു മുൻഗണന നൽകിയിരുന്നു. ദുബായിയിൽനിന്നുമാത്രം ഒരാഴ്ചയ്ക്കുള്ളിൽ 190 ഗർഭിണികളെ കൊച്ചിയിൽ എത്തിച്ചു. 13നു വന്ന ആദ്യവിമാന യാത്രക്കാരിൽ 49 പേർ ഗർഭിണികളായിരുന്നു.
കേരളത്തിലെത്തിയശേഷം ആറു പേർ വിവിധ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. ഗുരുതരാവസ്ഥയലുള്ള 398 രോഗികളെയും എയർ ഇന്ത്യ ഒന്നാം ഘട്ടത്തിൽ കൊച്ചിയിലെത്തിച്ചു. എയർ ഇന്ത്യ ഇതുവരെ നടത്തിയ ഗൾഫ് പറക്കലുകളിൽ 75 ഗർഭിണികൾ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. എയർ ഇന്ത്യയുടെ ദൗത്യ പാക്കേജ് രണ്ടാംഘട്ടത്തിൽ 40 രാജ്യങ്ങളിൽനിന്ന് 149 സ്പെഷൽ വിമാനങ്ങളാണ് ഇന്ത്യയിലെത്തുക.
Leave a Reply